ബെംഗളൂരു: എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ വേദിയിലെത്തി പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ യുവതിയെ കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിക്കിടെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു.
പരിപാടിക്കിടെ വേദിയിലെത്തി മൈക്ക് കൈയിലെടുത്ത യുവതി പെട്ടെന്ന് പാകിസ്ഥാന് സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്ഥാന് സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു.
ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു. അമൂല്യ ലിയോണ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചതെന്നും ഇവരെ കുറിച്ചന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം യുവതിയുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി പറഞ്ഞു.
Post Your Comments