ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിയ്ക്കാന്‍ അണിയറയില്‍ നീക്കം…. പുതിയ നീക്കം മറനീക്കി പുറത്തേയ്ക്ക് . ശിക്ഷ വൈകിപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായാണ് പ്രതിഭാഗം അഭിഭാഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിയായ വിനയ്ശര്‍മ്മയുടെ അഭിഭാഷകനാണ് തെരഞ്ഞെടുപ്പ് സമയത്തെ വിഷയം ഉന്നയിച്ച് കോടതിക്ക് പകരം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ദയാഹര്‍ജി തള്ളിയത് നിയമവിരുദ്ധമാണെന്നാണ് അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നത്.
തന്റെ ദയാഹര്‍ജി തള്ളിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന അവകാശവാദമാണ് ചൂണ്ടിക്കാട്ടുന്നത്. വിനയ് ശര്‍മ്മയുടെ അഭിഭാഷകനായ എ.പി. സിംഗാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കേ ദയാഹര്‍ജി തളളിയതിനെ ചോദ്യം ചെയ്തത്. ഡല്‍ഹി ആഭ്യന്തരമന്ത്രി മനീഷ് സിസോദിയയാണ്് വിനയ്ശര്‍മ്മയുടെ ദയാഹര്‍ജി സര്‍ക്കാറിന് വേണ്ടി തള്ളിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയ നേതാവാണെങ്കിലും എംഎല്‍എയോ മന്ത്രിയോ അല്ലാതാകുന്നതിനാല് നടത്തിയ ഇടപെടല്‍ ചട്ടലംഘനമാണെന്ന് കാണിച്ചാണ് അഭിഭാഷകന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
‘ ജനുവരി 30 ന് ഡല്‍ഹി സര്‍ക്കാര്‍ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പുകമ്മീഷനില് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ മന്ത്രിസഭാ അധികാരങ്ങളില്ലെന്നത് കണക്കാക്കാതെയാണ് തന്റെ കക്ഷിയുടെ ദയാഹര്‍ജി തള്ളിയിരിക്കുന്നത് ‘ എ.പി.സിംഗ് പറഞ്ഞു.
ദയാഹര്‍ജി ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ തള്ളുമ്പോള്‍ നല്‍കേണ്ട മന്ത്രിയുടെ ഡിജിറ്റല്‍ ഒപ്പിന് പകരം സ്ക്രീന്ഷോട്ടായി എടുത്ത ഒപ്പാണ് ദയാഹര്‍ജി തള്ളിയതായി കാണിക്കുന്ന സര്‍ക്കാര്‍ രേഖയിലുള്ളതെന്നും അതും വാട്സ് ആപ്പായി നല്കിയതും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും എ.പി.സിംഗ് ചൂണ്ടിക്കാട്ടി. ഇതിനിടെ തിഹാര്‍ ജയിലിനകത്ത് വച്ച് സ്വയം ഭിത്തിയില്‍ തലയടിച്ച് സ്വയംമുറിവേല്പ്പിച്ചെന്ന പുതിയ വാര്‍ത്തവന്നതിന് പിറകേയാണ് അഭിഭാഷകന്റെ പുതിയ നീക്കം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments