മഹാശിവരാത്രി
കുംഭമാസത്തിലെ (മാഘ മാസം )കറുത്ത പക്ഷത്തിലെ സന്ധ്യ കഴിഞ്ഞു, ചതുർദശി തിഥി വരുന്ന കാലമാണ് ശിവരാത്രി. ഈ വർഷം 21ഫെബ്രുവരി (കുംഭം 8), വെള്ളിയാഴ്ച ആണ് ശിവരാത്രി.
നിരവധി ഐതിഹ്യങ്ങൾ ശിവരാത്രിക്കുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ പ്രചാരത്തിലുള്ളത്, പാലാഴി മഥന സമയത്ത് കാളകൂടവിഷം(ഹാലാഹല ) പൊന്തി വരുകയും, അത് നിലത്തു പതിച്ചാൽ സർവ്വ നാശം ഫലം ഉണ്ടാകുന്നത് കൊണ്ട് ഭഗവാൻ ശിവൻ അത് കഴിക്കുകയും, പാർവതി ദേവി തന്റെ പതിയുടെ കണ്ഠത്തിൽ, മുറുകെ പിടിക്കുകയും, ആ വിഷം കണ്ഠത്തിൽ നീലനിറമായി ഉറച്ചു പോവുകയും ചെയ്തു. “നീലകണ്ഠൻ “എന്ന നാമധേയവും ഭഗവാന് ലഭിച്ചു. പാർവതി ദേവി തന്റെ ഭർത്താവിന്, ആപത്തൊന്നും വരാതിരിക്കാൻ ഉറക്കമിളച്ചു പ്രാർത്ഥിച്ച ദിനമാണ്, മഹാശിവരാത്രി ആയി ആഘോഷിക്കുന്നത്.
മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ് ശിവരാതി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.
ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു.
ഭാരതത്തിലെ ചിലയിടങ്ങളിലിൽ പാർവതി, പരമേശ്വരന്മാരുടെ പരിണയദിനമായും, ചിലയിടത്തു പരമേശ്വരന്റെ ജന്മദിനമായും ആഘോഷിക്കുന്നു.
വ്രതം
പകൽ സമയം പൂർണ്ണ ഉപവാസം. ഇതിനു പറ്റാത്തവർക്ക് , പഴങ്ങളും ഇളനീരും കഴിക്കാം. ഉറക്കം നിഷിദ്ധം. വൈകുന്നേരം ശിവക്ഷേത്ര ദർശനം നടത്തി അഭിഷേകം, ധാര, അർച്ചന, കൂവള മാല സമർപ്പണം ഇവ യഥാവിധി നടത്താം. രാത്രിയിൽ ഉറക്കമൊഴിഞ്ഞു ശിവഭഗവാനെ പ്രാർ ഥിക്കുന്നതാണ് വ്രതത്തിന്റെ മുഖ്യഭാഗം. ശിവ പഞ്ചാക്ഷരി, അഷ്ടകം, സഹസ്ര നാമം, ഇവ ജപിക്കുകയും, ശിവ പുരാണം വായിക്കുകയും ചെയ്യാം.രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ചു ഭക്തരിൽ സത്വക ഭാവം വളർത്തുക എന്നതാണ് വ്രതത്തിന്റെ മഹത്വം.പൂർവികരുടെ ബലിപൂജയ്ക്കു മുടക്കം വന്നാൽ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ചു പിതൃക്കളെ പ്രീതിപ്പെടുത്താം.
കുട്ടിക്കാലത്തു ശിവരാത്രി യുടെ അന്നാണ്, ഭസ്മം ഉണ്ടാക്കുന്നത്.
പശുവിൻ ചാണകം ചെറിയ ഉരുളകളായി ഉരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത് കിഴക്കുഭാഗത്ത് ഉമി (നെല്ലിൻ തോട്) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു.
നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ് കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. ഒരു വർഷത്തേക്കുള്ള ഭസ്മം റെഡി. ഭസ്‌മംകൊട്ടയിൽ ഇട്ട് വെയ്ക്കും.
വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
Post Your Comments