
തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തില്‍ ഐക്യമില്ലെന്നും അഭിപ്രായസമന്വയമുണ്ടാക്കാന്‍ അധ്യക്ഷനു കഴിയുന്നില്ലെന്നും നേതാക്കള്‍ തുറന്നടിച്ചു. നിര്‍ണായക വിഷയങ്ങളില്‍ എന്തുകൊണ്ടു കൂടിയാലോചന നടത്തുന്നില്ലെന്നു വി.ഡി. സതീശന്‍ ചോദിച്ചു. പാര്‍ട്ടിയെ തുലയ്‌ക്കാനാണോ ശ്രമം? ആരുമായും കെ.പി.സി.സി. പ്രസിഡന്റ് ബന്ധപ്പെടുന്നില്ല. ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല. പൗരത്വ നിയമ ഭേദഗതി പോലെ സുപ്രധാനമായ ഒരു വിഷയമുണ്ടായിട്ടുപോലും രാഷ്‌ട്രീയകാര്യസമിതി യോഗം വിളിക്കാന്‍ തയാറായില്ല. ഇതൊക്കെ പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. അധ്യക്ഷന്‍ കൂടിയാലോചനകളേ നടത്താറില്ലെന്നായി കെ. സുധാകരന്‍ എം.പി. ഒന്നര വര്‍ഷമായി വര്‍ക്കിങ് പ്രസിഡന്റായിരിക്കുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കല്‍പോലും വിളിച്ചിട്ടില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. സുധാകരന്‍ ഇതേവരെ തന്നെ വന്നു കണ്ടിട്ടില്ലെന്നു മുല്ലപ്പള്ളി തിരിച്ചടിച്ചു.
സംയുക്‌ത പ്രക്ഷോഭത്തിനെതിരേ കെ.പി.സി.സി. പ്രസിഡന്റ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് സതീശനൊപ്പം ഷാനിമോള്‍ ഉസ്‌മാനും കുറ്റപ്പെടുത്തി.
Post Your Comments