ചെന്നൈ: സ്വത്ത് കൈയില്‍ കിട്ടിയാല്‍ അമ്മയെ മറക്കുന്ന മക്കളുടെ ശ്രദ്ധയ്ക്ക് വാങ്ങിയ പോലെ തിരിച്ച് നല്‍കേണ്ടി വരും. പുതുക്കോട്ട ജില്ലയില്‍ എണ്‍പതുകാരിയായ കാളിയമ്മാളിനാണ് കലക്ടര്‍ ഉമ മഹേശ്വരി വീടും പരിസരപ്രദേശങ്ങളും ഉള്‍പ്പെട്ട 1.5 കോടിയുടെ സ്വത്ത് മകനില്‍ നിന്ന് ഏറ്റെടുത്തു തിരിച്ചു നല്‍കിയത്.
മൂന്നു വര്‍ഷം മുന്‍പാണു കാളിയമ്മാള്‍ മകന്‍ ത്യാഗരാജനു വീടും സ്വത്തുക്കളും എഴുതി നല്‍കിയത്. എന്നാല്‍ സ്വത്ത് കിട്ടിയതോടെ മകന്‍ അമ്മയെ അവഗണിക്കാന്‍ തുടങ്ങി. ഒന്നര മാസം മുന്‍പാണു കാളിയമ്മാള്‍ തന്റെ സ്വത്തുവകകള്‍ തിരികെ ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ ഉമ മഹേശ്വരിക്കു പരാതി നല്‍കിയത്. കലക്ടര്‍ അന്വേഷണത്തിനായി പരാതി റവന്യൂ വകുപ്പിനു കൈമാറി. 40 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റവന്യൂ വകുപ്പ് കലക്ടര്‍ക്കു റിപ്പോര്‍ട്ടും നല്‍കി.
കാളിയമ്മാളുടെ സ്വത്തുക്കള്‍ മകന്‍ ഭാര്യാ സഹോദരനു നല്‍കിയിരിക്കുകയാണെന്നും അമ്മയ്ക്കു ആവശ്യമായ പരിചരണം നല്‍കുന്നില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്വത്തുവകകള്‍ ഏറ്റെടുത്തു കാളിയമ്മാളിനു തിരികെ നല്‍കുകയായിരുന്നു. 2007 ലെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരമാണു നടപടി. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കാളിയമ്മാള്‍ രേഖകള്‍ ഏറ്റുവാങ്ങി.
Post Your Comments