ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് മുസ്ലിം ലീഗ്. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണു സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി.
ഇടക്കാല ഉത്തരവ് വരും മുമ്പ് തങ്ങളുടെ വാദംകൂടി കേള്ക്കണമെന്നാവശ്യപ്പെട്ടാണു ലീഗ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2015-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനെ ചോദ്യംചെയ്ത യുഡിഎഫ് ഹര്‍ജി അംഗീകരിച്ചാണു ഹൈക്കോടതി ഡിവിഷന് ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്.
കമീഷൻ തീരുമാനം ചോദ്യംചെയ്ത് നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2016ൽ നിയമസഭയിലേക്കും 2019ൽ ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ലോക്സഭ തെരഞ്ഞെടുപ്പിെൻറ വോട്ടർപട്ടിക കരടായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയിൽ 2.51 കോടി വോട്ടർമാർ എന്നത് 2019ൽ ഇത് 2.62 കോടിയായതും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് തെരഞ്ഞെടുപ്പ് കമീഷൻ ഉന്നയിച്ചത്. വാർഡ് അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ബൂത്ത് അടിസ്ഥാനത്തിൽ തയാറാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പട്ടിക കരടായി സ്വീകരിച്ചാൽ അപാകതകളുണ്ടാകുമെന്നും ആയിരുന്നു കമീഷൻ വാദം.
Post Your Comments