KeralaLatest NewsNews

വെടിയുണ്ട എവിടെ? നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ എവിടെ? ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉണ്ടകൾ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേരള പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍ തോതില്‍ വെടിക്കോപ്പുകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.

അതേസമയം, സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചപോലെ കേരളാ പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ, വെടിയുണ്ടകൾ കാണാതായതിൽ ക്രമക്കേട് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസാസ് തോക്കുകൾ പരിശോധിച്ചാണ് തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ച 660 ഇൻസാസ് റൈഫിളുകളിൽ 647 എണ്ണം പേരൂർക്കട എസ്.എ.പി. ക്യാമ്പിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകൾ മണിപ്പൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി പറഞ്ഞു.

ALSO READ: വേണ്ടി വന്നാല്‍ പരിപാടി കലക്കും; ട്രംപും മോദിയും പങ്കെടുക്കുന്ന വേദിക്കരികില്‍ സമരം നടത്തുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ്

വെടിയുണ്ടകളുടെ കാര്യത്തിൽ ക്രമക്കേട് നടന്നെന്നാണ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പ്രതികളായേക്കും. ആദ്യം പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 പ്രതികളുണ്ടായിരുന്നു. തുടർന്ന് പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വെടിയുണ്ടകൾ കാണാതായ കേസിൽ രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് തച്ചങ്കരി പറഞ്ഞു. സുതാര്യമായി അന്വേഷണം പൂർത്തിയാക്കുമെന്നും കുറ്റക്കാരുടെ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button