Latest NewsNewsInternational

64 വെളുത്ത മേധാവിത്വവാദികള്‍ക്ക് 820 വര്‍ഷം ജയില്‍ ശിക്ഷ നല്‍കിയിട്ടുണ്ടെന്ന് യു‌എസ് അറ്റോര്‍ണി ഓഫീസ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ വെളുത്ത മേധാവിത്വവാദികളുടെ ഏറ്റവും വലിയ കൂട്ടായ ശിക്ഷാവിധിയെന്ന് കരുതപ്പെടുന്ന അറുപത്തിനാല് വെള്ളക്കാരായ മേധാവിത്വവാദികള്‍ക്ക് മൊത്തം 820 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന് ടെക്സസിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് (ടെക്സസ്) യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

മയക്കുമരുന്ന് കേസില്‍ 51 കാരനായ ഗാരി കോഡി ജോണ്‍സിനെ വ്യാഴാഴ്ച 11 വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. ഇത് രണ്ടാം ഘട്ടത്തിലെ വിചാരണയാണെന്നു മാത്രമല്ല 64ാമത്തെയും അവസാനത്തെയുമാണ്. വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം.

വെളുത്ത മേധാവിത്വ സംഘങ്ങള്‍ നിന്ദ്യമായ പ്രത്യയശാസ്ത്രങ്ങളെ അംഗീകരിക്കുക മാത്രമല്ല, അക്രമാസക്തമായ മയക്കുമരുന്ന്, തോക്ക് വ്യാപാരം എന്നിവ സുഗമമാക്കുകയും പൗരന്മാരെ ഗുരുതരമായ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് യുഎസ് അറ്റോര്‍ണി എറിന്‍ നീലി കോക്സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ അന്വേഷണത്തിനിടെ കണ്ടെടുത്ത മയക്കുമരുന്നിന്‍റെയും തോക്കുകളുടെയും അളവ് ഞെട്ടിപ്പിക്കുന്നതാണ്. പക്ഷേ അതിശയിക്കേണ്ടതില്ല. ഈ സംഘടനകളെ തകര്‍ക്കുന്നതിനും, അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനും, അതിലെ അംഗങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ഞങ്ങളുടെ നിയമ നിര്‍വഹണ പങ്കാളികളുമായി പ്രവര്‍ത്തിക്കാന്‍ യുഎസ് അറ്റോര്‍ണി ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.

മറ്റ് പ്രതികള്‍ക്കെതിരെ ഭീഷണി മുതല്‍ അക്രമാസക്തമായ പെരുമാറ്റം വരെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഒരു സംഭവത്തില്‍, ഒരു നവ നാസിയെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

ഡസന്‍ കണക്കിന് വെളുത്ത മേധാവിത്വ സംഘാംഗങ്ങള്‍ക്കും അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എറിന്‍ നീലി കോക് ഓഫീസ് 2018 മെയ് മാസത്തില്‍ പ്രൊസിക്യൂഷന്‍ പ്രഖ്യാപിച്ചത്. ആര്യന്‍ ബ്രദര്‍ഹുഡ്, ഡേര്‍ട്ടി വൈറ്റ് ബോയ്സ് തുടങ്ങിയ സംഘടനകളില്‍ പെട്ടവരാണ് പ്രതികള്‍.

ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, പ്രതികള്‍ പതിവായി മെത്താംഫെറ്റാമെനും മറ്റ് മയക്കുമരുന്നുകളും വിതരണം ചെയ്യുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ തോക്കുകളും ഉപയോഗിക്കുന്നു. അതും ക്രിമിനല്‍ കുറ്റകൃത്യമാണ്.

2015 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ പ്രതികള്‍ 1,600 കിലോഗ്രാമില്‍ കൂടുതല്‍ മെത്താംഫെറ്റാമെന്‍, 59 തോക്കുകള്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു.

പ്രൊസിക്യൂഷന് മുമ്പാകെ പ്രതികള്‍ക്ക് 587 കേസുകളാണ് വിചാരണയ്ക്കായി എത്തിയത്. വെളുത്ത മേധാവിത്വവും വിദ്വേഷത്തിന്‍റെ അനുബന്ധ രൂപങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

എഫ്ബിഐയുടെ വാര്‍ഷിക യൂണിഫോം ക്രൈം റിപ്പോര്‍ട്ടിംഗ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും വംശീയ ശത്രുതയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരം സംഭവങ്ങളില്‍ പകുതിയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെയുമാണ്.

വെളുത്ത മേധാവിത്വത്തിന്‍റെ അപകടകരമാം വിധമുള്ള വര്‍ദ്ധനവിനെ അംഗീകരിച്ചുകൊണ്ട്, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെ ഫ്രെബ്രുവരി ആദ്യം കോണ്‍ഗ്രസിനോട് പറഞ്ഞു…’വംശീയ വിദ്വേഷികളായ തീവ്രവാദ ഗ്രൂപ്പുകള്‍ ഐസിസ് പോലുള്ള വിദേശ തീവ്രവാദ ഗ്രൂപ്പുകള്‍ പോലെ തന്നെ ഏറെ അപകടകാരികളാണ്. അവര്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് തന്‍റെ ഏജന്‍സി വിശ്വസിക്കുന്നു.’

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button