തിരുവനന്തപുരം: പൊലീസ് അക്കാദമിയിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പള്ളിത്തര്‍ക്കത്തിലും ശബരിമലയിലും ഇതു തന്നെയാണ് സി.പി.എം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊലീസ് അക്കാദമിയില്‍ പുതിയതായി പുറത്തിറക്കിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതാണ് വിവാദത്തിലേക്ക് നയിച്ചത്. കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. ബീഫ് ഒഴിവാക്കിയത് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്ന് പോലീസ് വ്യക്തമാക്കി.
എല്ലാ ക്യാംപുകളിലേക്കും നല്‍കാനായി തൃശൂര്‍ പോലീസ് അക്കാഡമിയില്‍ തയാറാക്കിയ ഭക്ഷണക്രമത്തിലാണ് ബീഫ് നിരോധിച്ചത്. പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ട്. പക്ഷെ ബീഫ് മാത്രം ഉള്‍പ്പെടുത്തിയിട്ടില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ബറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനും അടുത്തിടെ വരെ ക്യാമ്പുകളില്‍ ബീഫ് വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നു. പൊലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യയാണ് വിവാദ മെനു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കിയിട്ടുണ്ട്.
നേരത്തെ, തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഐജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് വിവാദമായിരുന്നു.
Post Your Comments