ഫ്ലോറിഡ: സ്കൂളില്‍ അക്രമാസക്തയായതിനെത്തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതയായ ആറു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഓഫീസറോട് പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യമാണ് “എന്തിനാണ് എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്?, എന്നെ ജയിലിലേക്കാണോ കൊണ്ടുപോകുന്നത്?” എന്ന്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് പോലീസ് ഓഫീസറുടെ ബോഡി ക്യാമറയിലും.
തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമാണെന്ന് കരുതുന്ന ഏതൊരാളുടേയും മാനസികാവസ്ഥ വിലയിരുത്താന്‍ അധികാരികളെ അനുവദിക്കുന്ന നിയമമായ ‘ബേക്കര്‍ ആക്ട്’ പ്രകാരമാണ് നാദിയ കിംഗ് എന്ന ആറു വയസ്സുകാരിയെ സ്കൂളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സാമൂഹിക പ്രവര്‍ത്തകനോട് ഫ്ലോറിഡ ജാക്സണ്‍വില്ലിലെ ലവ് ഗ്രോവ് എലിമെന്‍ററി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നാദിയ അക്രമാസക്തയായെന്നും, സ്കൂള്‍ സ്വത്ത് നശിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണെന്നുമാണ് അവര്‍ കാരണം പറയുന്നത്.
പോലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ നാദിയയെ സ്കൂളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതായി കാണിക്കുന്നുണ്ട്. തുടര്‍ന്ന് ‘ഞാന്‍ ജയിലില്‍ പോകുകയാണോ?’ എന്ന് കുട്ടി ചോദിക്കുന്നതും കേള്‍ക്കാം. ‘ഇല്ല, നീ ജയിലില്‍ പോകുന്നില്ല’ എന്ന് വനിതാ പോലീസ് ഓഫീസര്‍ പറയുന്നതും കേള്‍ക്കാം.
‘ഫീല്‍ഡ് ട്രിപ്പിന് പോകുകയാണോ എന്ന കുട്ടിയുടെ ചോദ്യത്തിന് ‘അതെ, ഇതൊരു ഫീല്‍ഡ് ട്രിപ്പാണ്, സ്കൂളില്‍ നിന്ന് അകലെ എന്തും ഒരു ഫീല്‍ഡ് ട്രിപ്പ് ആണ്, അല്ലേ?’ എന്ന് ഓഫീസര്‍ പറയുന്നുണ്ട്.
‘Attention-Deficit/Hyperactivity Disorder’ (എഡിഎച്ച്‌ഡി) ഉള്ള, മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയെ മാതാപിതാക്കളെ വിവരമറിയിക്കാതെ പോലീസിനെ വിളിച്ചു വരുത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കുട്ടിയെ അമ്മയില്‍ നിന്ന് അകലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 48 മണിക്കൂര്‍ തടവില്‍ പാര്‍പ്പിച്ചതിനെതിരെ അമ്മ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
‘എന്റെ മകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. ഇത്തരത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി പരിശീലനം ലഭിച്ച അദ്ധ്യാപകര്‍ സ്കൂളില്‍ ഉണ്ടെന്ന് പറഞ്ഞതനുസരിച്ചാണ് എന്റെ മകളെ കഴിഞ്ഞ വര്‍ഷം ഇവിടെ ചേര്‍ത്തതെന്ന് അമ്മ പറയുന്നു. രണ്ടു ദിവസം എന്നില്‍ നിന്ന് എന്റെ മകളെ അകറ്റി മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതിന് സ്കൂള്‍ സമാധാനം പറയേണ്ടി വരും. ഞാന്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും’ അമ്മ മാര്‍ട്ടിന ഫാള്‍ക്ക് മാധ്യമങ്ങളോട് പറഞ്ഞു.
നാദിയയെ ഒരിക്കലും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ പാടില്ലായിരുന്നുവെന്ന് മാര്‍ട്ടിനയുടെ അഭിഭാഷകന്‍ റെഗാനല്‍ റീവ്സ് പറഞ്ഞു. ആറു വയസ്സുള്ള കുട്ടിയുമായി, അതും പ്രത്യേക പരിചരണം ആവശ്യമായ കുട്ടിയുമായി ഇടപെടാന്‍ കഴിയാത്തവര്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തരുതെന്നും റീവ്സ് പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ സ്വകാര്യത മാനിച്ച് കേസിന്‍റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് തടയുന്നുവെന്ന് ഡുവല്‍ കൗണ്ടി പബ്ലിക് സ്കൂളുകളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക അവലോകനത്തില്‍ സ്കൂളിന്‍റെ പെരുമാറ്റം നിയമപരവും ഈ വിദ്യാര്‍ത്ഥിയുടെയും സ്കൂളിലെ മറ്റെല്ലാ വിദ്യാര്‍ത്ഥികളുടെയും താല്‍പ്പര്യത്തിന് അനുസൃതമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ സംഭവത്തോടെ 50 വര്‍ഷം പഴക്കമുള്ള ‘ബേക്കര്‍ ആക്ട്’ പൊളിച്ചെഴുതണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments