KeralaLatest NewsNews

തിരുവനന്തപുരവും തിരോന്തരത്തുകാരേയും ഒക്കെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരു പ്രത്യേക തരം ചൊറിച്ചിലിനു പേര് വെറെയാ! മൃണാൾ ദാസിന് മറുപടിയുമായി ഒരു തിരുവനന്തപുരംകാരന്‍

“തിരുവനന്തപുരത്തെ ആൾക്കാർക്ക് ചീപ്പ് ആയിട്ടുള്ള ഫുഡ് എത്ര വൃത്തികെട്ട സ്ഥലത്തു നിന്ന് കഴിച്ചാലും വലിയ കോണ്ടിറ്റി കിട്ടണം ,കുറേ കഴിക്കണം എന്നേയുള്ളൂ. ഇവിടുന്നൊക്കെ ഫുഡ് കഴിക്കാൻ പേടിയാ പിന്നെ കുറെ സർക്കാർ ജീവനക്കാരാ ഏറെയും അവർക്ക് എപ്പോഴും വലിയ ഹോട്ടലുകളിൽ നിന്ന് കഴിക്കാൻ വരുമാനവും ഇല്ലല്ലോ അതുകൊണ്ടാകും ഇവിടെ ഒരു ആളു പോലും ഇല്ല.”

ഒരു ജില്ലയെ ആകമാനം അവഹേളിക്കുന്ന, സർക്കാർ ജീവനക്കാരെന്ന ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന ഈ വാക്കുകൾ ഒരു ഫുഡ്വ്ലോഗറുടേതാണ്.

മൃണാൾ ദാസ് എന്ന ഫുഡ് ബ്ലോഗർ തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ആളൊഴിഞ്ഞ റെസ്റ്റാറന്റിലെ മൂലയിൽ ഇരുന്ന് വീഡിയോ ചെയ്ത് ഷെയർ ചെയ്തത് ആത്മാഭിമാനമുള്ള നമ്മുടെ സ്വന്തം തിരുവനന്തപുരം നിവാസികൾ ഏറ്റുപിടിച്ചു ധാർമ്മിക രോഷം നിറയെ ചൊരിയുന്നുണ്ട് .അതുകൊണ്ട് തന്നെ പപ്പനാവന്റെ സ്വന്തം പ്രജയായ എനിക്ക് മൃണാളിനോട് ചിലത് ചോദിക്കാനുണ്ട്.

എന്തേ മൃണാൾ ദാസാ നിങ്ങളെ തിരുവനന്തപുരത്തെ പൗരാവലി ക്ഷണിച്ചോ ഒരു സർട്ടിഫിക്കറ്റ് ബ്ലോഗി വിടാൻ ? ജന്മനാട് / സ്വദേശം എന്നൊക്കെ പറഞ്ഞാൽ അത് പെറ്റമ്മയ്ക്കു സമമാണെന്നു നിങ്ങൾക്കറിയാമോ? നാടുനീളെ മുന്തിയ ഫൈവ് സ്റ്റാറിലും , മറ്റ് പിരിവു കിട്ടുന്നിടത്തും ഒക്കെ ഫുഡ് ബ്ലോഗ് ചെയ്ത് യാതൊരു നിലവാരവും ഇല്ലാത്ത സ്ഥാപനങ്ങളിൽ പോലും ആളെ കൂട്ടിക്കൽ പണി നടത്തുന്ന താങ്കൾക്ക് അത് മനസ്സിലാകണമെന്നില്ല .

കേരളമൊട്ടാകെ മൃഷ്ടാന്നം ഭുജിച്ച് രുചിച്ച് നടന്നപ്പോൾ ഇങ്ങ് തിരോന്തോരത്ത് മാത്രം എന്തേ ആ ബിസിനസ്സിൽ ആരും പ്രതീക്ഷിച്ച വിളിച്ചു കാണില്ല അല്ലേ? അതിന്റെ കെറുവും ഗർവ്വുമാണ് ഒടുവിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മൂലയ്ക്കു പോയിരുന്ന് ഒരു നാട്ടാരെ മുഴുവൻ കയറി അടിച്ചാക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചത്.

തിരുവനന്തപുരത്തുള്ളവരെ ആറ്റിറ്റ്യൂട് പഠിപ്പിച്ച് ഫൈവ് സ്റ്റാറുകളിലെ ഒഴിഞ്ഞു കിടക്കുന്ന കാലികസേരകൾ നിറച്ചു കൊടുക്കാമെന്നും ഏറ്റു ഫൈവ് കോഴ്സ് ലഞ്ച് ഓസിനു കഴിക്കുന്നത് തന്റെ അല്പത്തരം. ഒരു ദേശത്തെ നാട്ടുകാരെയും ,അവിടുത്തെ ഭക്ഷണശാലകളെയും ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെ ഏതോ ഒരുവൻ വിവരക്കേടു വിളിച്ചു പറഞ്ഞ് എന്ന് വച്ച് ഇളകി വീഴുന്നതല്ല ഒരുതിരുവനന്തപുരം നിവാസിയുടെയും അഭിമാനവും ,അന്തസ്സും ,
തറവാടിത്തവും ദൃണാളേ!

പിന്നെ അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്ന പോലെ ഫൈവ് സ്റ്റാറും , സെവൻ സ്റ്റാറും ഒക്കെ നിത്യേന ഭക്ഷണം കഴിക്കാനായി നമ്മുടെ തിരുവനന്തപുരം നിവാസികൾ ഉപയോഗിക്കാറില്ല .അവരുടെ മാന്യമായ ഭക്ഷണശീലവും ,ഇവിടുത്തെ പേരു കേട്ട വിവഭസമൃദ്ധമായ രുചികൂട്ടുകൾ വിളമ്പുന്ന നൂറുകണക്കിന്ന് ഭക്ഷണശാലകളുടെ ക്രഡിബിലിറ്റിയും ,പൊതുജനങ്ങൾ നല്കിയിട്ടുള്ള അംഗീകാരവും ഒക്കെ വിലയിരുത്തിയാണ്.

തിരുവനന്തപുരത്ത് നിലവാരമുള്ള വിവിധ രുചികളുള്ള ഭക്ഷണമൊരുക്കുന്ന എല്ലാ ഹോട്ടലുകളിലും സംസ്ഥാനത്തെ ഏതൊരു ജില്ലയിലേക്കാളും ഒരു പക്ഷേ തിരക്കും കൂടുതൽ തന്നെയാകും കാരണം ഭക്ഷണ കാര്യത്തിൽ ഇവിടുള്ളവർ കാശ് നോക്കാറില്ല , അത് സർക്കാർ ജീവനക്കാർ ആയാലും ശരി , ഇവിടുത്തെ ചുമട്ടു തൊഴിലാളി ആയാലും .. അവർ പോലും നിത്യേന’ ഒരു നേരം ഭക്ഷണത്തിനായി അഞ്ഞൂറു രൂപയിലധികം ചിലവാക്കുന്ന പല പ്രമുഖ ഹോട്ടലുകളും ഇവിടെയുണ്ട് ‘

ഇത് തിരുവനന്തപുരം തന്നെയാ സാക്ഷാൽ ശ്രീ പത്മനാഭന്റെ മണ്ണ് ..കണ്ടു നിറഞ്ഞവർ ..
ഉണ്ട് നിറഞ്ഞവർ .ഈ നാട്ടിൽ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ഏതു നാട്ടുകാരനും വന്ന് ഹോട്ടലുകൾ തുടങ്ങാം .മറ്റു കച്ചവടങ്ങളും ചെയ്യാം .ആരെയും ആതിഥ്യമര്യാദയോടെ മാത്രം സ്വീകരിക്കുന്ന അവർക്ക് സുരക്ഷ ഒരുക്കുന്ന നാടാണ് ഈ പപ്പനാവന്റെ സ്വന്തം തിരോന്തരം. ഏതു നല്ല കാര്യങ്ങളെയും ,
ന്യായമായ കാര്യങ്ങളെയും തെക്കനും ,
വടക്കനും എന്ന് വേർതിരിക്കാതെ ,
നാടും, വീടും ,ദേശവും ഒക്കെ മറന്ന് പ്രോത്സാഹിപ്പിക്കുന്ന നാട് ! അതാണ് തിരുവനന്തപുരം ..

അഞ്ചുരൂപയ്ക്കും , ഏഴു രൂപയ്ക്കും നല്ല നിലവാരമുള്ള ചായയും
ചെറുകടികളും സുഭിക്ഷമായി കിട്ടുന്ന നാട് കേരളത്തിൽ ഇന്ന് തിരുവനന്തപുരം മാത്രം ..
വ്യത്യസ്ഥമായ വിവിധ തരം നാവിൽ രുചിയൂറുന്ന ഫ്രഷ് ആയ വൃത്തിയും ,വെടിപ്പും ,ശുചിത്വവും ഉള്ള ഭക്ഷണ ശാലകൾ അനേകമുള്ള നാടും കേരളത്തിൽ തിരുവനന്തപുരം തന്നെ….
അതോടൊപ്പം മറ്റു ജില്ലകളിലെ നിലവാരമുള്ള ഭക്ഷണശാലകളെയും ഞാൻ ഓർക്കുന്നു ,

മറ്റു ജില്ലകളിലെ പോലെ ഇവിടെയും ചുരുക്കം ചില ഹോട്ടലുകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകശാലകൾ കാണുകയും ,നഗരസഭ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട് .
ഏതൊരു കാര്യത്തിലും ഒരു നാടിനെയും നാട്ടാരെയും മുഴുവൻ അടച്ചാക്ഷേപിച്ചല്ല ഒരു അഭിപ്രായ പ്രകടനം പരസ്യമായി നടത്താൻ ..ഒരു സ്ഥാപനം / ഒരു ഭക്ഷണം / അല്ലേൽ ഒരു വ്യക്തിക്ക് എതിരെ പറയുന്ന പോലെയാകില്ല അത് ! ഒരു ഫുഡ് ബ്ലോഗർക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വിവേകപൂർവ്വമായ പെരുമാറ്റം.

അതിഥി ദേവോ ഭവ : എന്നത് ആപ്തവാക്യമായി സ്വീകരിച്ചവരാണ് ഞങ്ങൾ.ഭക്ഷണം വിഭവ സമൃദ്ധമായി അതിഥികൾക്കു സൽക്കരിച്ചേ ശീലമുള്ളൂ തിരുവനന്തപുരത്തുകാർക്ക്.തിരുവനന്തപുരവും തിരോന്തരത്തുകാരേയും ഒക്കെ കാണുമ്പോൾ ചിലർക്ക് തോന്നുന്ന ഒരു പ്രത്യേക തരം ചൊറിച്ചിലിനു പേര് വെറെയാ!
കാക്ക കുളിച്ചാൽ കൊക്കാകില്ല ദാസാ ! ‘ അസൂയയ്ക്കും ,കുശുമ്പിനും ചികിത്സയും ഇല്ല ,സ്വയം നന്നാകണം ! പപ്പനാവൻ ഈ പയലിനെ രക്ഷിക്കട്ടെ! അല്ലാതെന്തര് പറയാൻ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button