ഭാരതസ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലേക്ക് മുന്നുംപിന്നും നോക്കാതെ വെറും പതിമൂന്നാം വയസിൽ ഇറങ്ങിത്തിരിച്ച ഒരു ബാലികയുണ്ട് ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രഗാഥയിൽ. വീര ഇതിഹാസമായ ഝാന്‍സി റാണി ലക്ഷ്മിഭായിയെപ്പോലെ തന്റെ ജീവിതം പിറന്ന നാടിന്റെ രക്ഷക്ക് വേണ്ടി ഉഴിഞ്ഞുവെച്ച റാണി ഗൈഡിന്‍ലിയുവാണ് ആ ബാലിക. അവരുടെ ഇരുപത്തിയേഴാം ഓർമ്മദിനമാണ് ഇന്ന്.
മണിപ്പൂരെന്ന സംസ്ഥാനത്തെ കുറിച്ച് കേൾക്കുമ്പോഴോ വായിക്കുമ്പോഴോ ഏതൊരാളുടെയും മനസ്സിൽ ആദ്യമെത്തുന്ന മുഖം മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് ചരിത്രം പുകഴ്ത്തിപ്പാടിയ ഇറോം ഷർമിളയാണ്. എന്നാൽ രാഷ്ട്രീയ, സാമൂഹിക, മത, സാംസ്‌ക്കാരിക ഉന്നമനത്തിനുവേണ്ടി ഒറ്റയാൾ സമരം നയിച്ചു പോരാടി വിജയിച്ച മണിപ്പൂരിന്റെ യഥാർത്ഥ വീരനായികയായ റാണി ഗൈഡിൻലിയു എന്തുകൊണ്ട് നമ്മുടെ മനസ്സിൽ ആദ്യമെത്തുന്നില്ലയെന്നതിന് ഉത്തരമൊന്നു മാത്രം. പലപ്പോഴും എഴുതപ്പെടുന്ന ചരിത്രമെന്നത് ചരിത്രകാരന്റെ കാൻവാസിലെ ഒരു പെയിന്റിങ്ങ് മാത്രമായി ചുരുക്കപ്പെടുന്നു. ചരിത്രത്തിലിടം നേടേണ്ട ഒരുപാട് മഹത് വ്യക്തികളെ തിരസ്കരിച്ചുക്കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രമെഴുതിയ ചരിത്രകാരന്മാർ നമുക്കുണ്ട്.
ആസാം, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന സെലിയംഗ്‌റോംഗില്‍ 1915 ജനുവരി 26-നാണ് റാണി ജനിച്ചത്.കൗമാരത്തില്‍ തുടങ്ങി 78 വയസുവരെ ഒരു ജനതയ്ക്കുവേണ്ടി ആ വനിത നടത്തിയ പോരാട്ടങ്ങളുടെ ആകെ തുകയാണ് നാഗാലാന്റിലെ ഹര്‍ക്കപ്രസ്ഥാനത്തിനു ഇന്ന് ചരിത്രത്തിലുള്ള സ്ഥാനം.സ്വാതന്ത്ര്യത്തിനും, ധര്‍മ്മസംരക്ഷണത്തിനും, ഗോത്രവര്‍ഗ്ഗ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച റാണിമാ ഗൈഡിന്‍ലിയുവാണ് നാഗാലാന്റിലെ ഹര്‍ക്കപ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. നാഗാലാന്റിലെ വനമേഖല ബ്രിട്ടീഷുകാരുടെ അധീനതയില്‍നിന്ന് മോചിപ്പിക്കുന്നതുവരെ വനസത്യഗ്രഹവും വനയാത്രയും നിരന്തരം സംഘടിപ്പിച്ച് അവര്‍ നല്‍കിയ പോരാട്ടവീര്യമാണ് റാണിമായെ മണിപ്പൂരിന്റെ ഝാൻസിയെന്ന വിശേഷണത്തിനു അർഹയാക്കിയത്.
ബന്ധുവായ ഹെയ്പു ജഡോനാഗിനൊപ്പം ചേര്‍ന്നായിരുന്നു പോരാട്ടത്തിന്റെ തുടക്കം. വിദേശ ആധിപത്യത്തിനെതിരെ അവര്‍ സ്വീകരിച്ച നിലപാടുകള്‍ പിന്നീട് അനേകം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും സംരക്ഷിച്ചു. ഉറച്ച തീരുമാനങ്ങളും നിശ്ചയദാര്‍ഢ്യവുമായിരുന്നു അവരുടെ വിജയത്തിനു പിന്നില്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധര്‍മ്മയാത്ര എന്ന പരിപാടിയിലാണ് കൗമാരക്കാരിയായിരുന്ന റാണി ആദ്യമായി പങ്കെടുത്തത്. അന്ന് അവർക്ക് പതിമൂന്ന് വയസ്സായിരുന്നു പ്രായം.
ഇതിനിടെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ റാണിയും ബന്ധുവും അതിന് പിന്തുണ പ്രഖ്യാപിച്ചു. ആസമയത്ത് വിദേശികള്‍ ഗ്രാമീണ മേഖലകളുടെ നിയന്ത്രണം കയ്യടക്കി. ഗ്രാമീണരില്‍ നിന്നും വന്‍ തോതിലുള്ള നികുതിയും വിദേശികള്‍ വാങ്ങിയിരുന്നു. വനമേഖലകളുടെ നിയന്ത്രണം കയ്യാളിയിരുന്ന വിദേശികളെ തുരത്താന്‍ റാണിയും സംഘവും പദ്ധതിയിട്ടു. വിദേശ ഭരണം സഹിക്കാനാവാതെ സര്‍വ്വ സന്നാഹങ്ങളും ഒരുക്കി റാണിയും സംഘവും അവര്‍ക്കെതിരെ പോരാട്ടം ആരംഭിച്ചു. രാഷ്ട്രീയപരവും ആദ്ധ്യാത്മികവുമായിരുന്നു ഇവരുടെ പോരാട്ടങ്ങള്‍. 1931ല്‍ ബന്ധു ഹെയ്പു ജഡോനാഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.
തുടർന്ന് സംഘടനയുടെ ആത്മീയ നേതാവും സായുധ വിഭാഗത്തിന്റെ മേധാവിയുമായി ഗൈഡിൻലിയു ചുമതലയേറ്റെടുത്തു. നികുതി പിരിവുകൾ തടഞ്ഞ ഗൈഡിൻ ലിയു നാഗാ ഗോത്രത്തിൻറെ കിരിടം വയ്ക്കാത്ത റാണിയായി മാറി നാഗാലാൻഡിലും മണിപ്പൂരിലും ഉടനീളം സഞ്ചരിച്ച അവർ അതി ശക്തമായ ഒരു സായുധ സംഘം രൂപീകരിച്ചു. 1932-ഇൽ , തന്റെ പതിനാറാം വയസിൽ ഗൈഡിൻലിയു ഒളിപോർ സംഘത്തിന്റെ നേതാവായി. 1931 -ൽ ഗൈഡിൻലിയുവിനെ പറ്റി വിവരം നൽകുന്നവർക്കായി 5൦൦ രൂപ ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സർക്കാരിന് പക്ഷെ ഒന്നര വർഷം കാത്തിരിക്കേണ്ടിവന്നു. 1932 ഒക്റ്റോബർ 12 ന് അസം റൈഫിൾസ് ക്യാപ്ററൻ മക് ഡോണാൽഡ് ഗൈഡിൻ ലിയുവിൻറെ ഒളിത്താവളത്തിൽ മിന്നലാക്രമണം നടത്തി, ഗൈഡിൻ ലിയുവും കൂട്ടാളികളും കീഴടങ്ങി, അനുയായികളെ ഭൂരിപക്ഷത്തിനെയും തൂക്കിലേറ്റിയ ബ്രിട്ടീഷ് ഭരണകൂടം ഗൈഡിൻ ലിയുവിനെ 10 മാസത്തെ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു, ഗുവഹത്തി, ഷില്ലോംഗ്, ഐസ്വാൾ, തുറ ജയിലുകളിലായി ഗൈഡിൻലിയുവിനെ ബ്രിട്ടീഷുകാർ മാറ്റി മാറ്റി പാർപ്പിച്ചു,
1937 ൽ കോൺഗ്രസ് നേതാവ് ജവഹർലാൽ നെഹ്രറു ഗൈഡിൻലിയുവിനെ ഷില്ലോംഗ് ജയിലിൽ സന്ദർശിച്ചതോടെയാണ് അവരുടെ പോരാട്ടത്തിൻറെ കഥ പുറം ലോകം അറിയുന്നത്, ജവഹർലാൽ നെഹ്റുവാണ് ഗൈഡിൻലിയുവിനെ റാണി ഗൈഡിൻലിയു എന്ന് വിളിക്കുന്നത്, കുന്നുകളുടേയും വനവാസികളുടേയും റാണിയെന്ന് നെഹ്രറു അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചു,1946 ൽ നെഹ്രുവിൻറെ നേതൃത്തിൽ ഭാരത്തിൻറെ താൽകാലിക സർക്കാർ രൂപ വത്കരിക്കപ്പെട്ടപ്പോൾ ജവഹർലാൽ നെഹ്റു ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് റാണി ഗൈഡിൻലിയുവിൻറെ മോചനം സംബന്ധിച്ചതായിരുന്നു.
1947-ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജയില്‍ മോചിതയായ റാണി സെലിയംഗ്‌റോംഗിന്റെയും അവിടുത്തെ ജനങ്ങളുടെയും ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗ്രാമങ്ങളില്‍ ശക്തമായിരുന്ന മതപരിവര്‍ത്തനത്തിനെതിരെയും അവര്‍ പോരാടി. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ ഫിസോ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ വനവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്തു.
1996-ല്‍ റാണിയുടെ പോസ്റ്റല്‍ സ്റ്റാമ്പും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഹെരാക എന്ന ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ ആചാര്യയായും പിന്നീട് അവര്‍ പ്രവര്‍ത്തിച്ചു. വനവാസികള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്. ഒരു ഉപദേശകയോ, തത്വശാസ്ത്രജ്ഞയോ മാത്രമായിരുന്നില്ല റാണി, പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത് അവരായിരുന്നു. അങ്ങനെ ആദ്ധ്യാത്മിക നേതാവെന്ന പര്യവേഷംകൂടി റാണി ഗൈഡിന്‍ലിയുവിന് ലഭിച്ചു.
ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കല്യാണാശ്രമത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. വിശ്വഹിന്ദു പരിഷത്, വിദ്യാഭാരതി തുടങ്ങിയ സംഘടനകളുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 1969-ല്‍ ഗുരുജി
ഗോള്‍വല്‍ക്കറെയും റാണി സന്ദര്‍ശിച്ചിട്ടുണ്ട്. 1979-ല്‍ വിശ്വഹിന്ദു പരിഷത്ത് അലഹബാദില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും പങ്കെടുത്തു. 1985-ല്‍ വനവാസി കല്യാണാശ്രമം സംഘടിപ്പിച്ച വനിതാസമ്മേളനത്തിന്റെ മുഖ്യാതിഥിയായിരുന്നു റാണിമാ.
രാമജന്മഭൂമി പ്രസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനും റാണിയുടെ പിന്തുണ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളെ പരിഗണിച്ച് ബിര്‍സാ മുണ്ട പുരസ്‌കാരം, താമരപത്ര സ്വാതന്ത്ര്യ സേനാനി പുരസ്‌കാരം, വിവേകാനന്ദ സേവാ പുരസ്‌കാരം, പദ്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അവരെ ആദരിച്ചു. റാണിമായെന്നാണ് സ്‌നേഹത്തോടെ എല്ലാവരും അവരെ വിളിച്ചിരുന്നത്. ഈ പോരാട്ട നായികയുടെ ഓര്‍മ്മകളുടെ വെള്ളിവെളിച്ചത്തില്‍ നിന്നാണ് അഖിലഭാരതീയ വനവാസി കല്യാണാശ്രമം അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
1993 ഫെബ്രുവരി 17നു തന്റെ എഴുപത്തിയെട്ടാമത്തെ വയസിൽ കാലയവനികയ്ക്കുളളിൽ മറഞ്ഞ റാണിമായുടെ ദീപ്തസ്മരണകൾക്ക് പ്രണാമം!
Post Your Comments