Latest NewsKeralaNews

അതീവ സുരക്ഷ മേഖലയില്‍ സമരപ്പന്തല്‍; സെക്രട്ടറിയേറ്റിന് മുന്നിലെ ‘ശാഹീന്‍ബാഗ്’ പൊളിച്ച് നീക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് എക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ‘ശാഹീന്‍ബാഗ്’ സമരപ്പന്തല്‍ രണ്ട് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികള്‍ക്ക് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്.

ഭാരവാഹികളെ ഞായറാഴ്ച രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതീവ സുരക്ഷ മേഖലയായ സെക്രട്ടറിയേറ്റിന് മുന്‍വശം കാഴ്ച മറക്കുന്ന രീതിയിലും പന്തല്‍ കെട്ടി സമരം ചെയ്യുന്നത് ഗുരുതര സുരക്ഷ വീഴ്ചക്ക് കാരണമാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കാണ് ഇത്തരത്തില്‍ പന്തല്‍ കെട്ടി സമരം നടത്താന്‍ അനുമതി നല്‍കാറ്. നിരന്തരം പന്തല്‍ കെട്ടിയിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പന്തല്‍ നീക്കാത്ത പക്ഷം പൊലീസ് പൊളിച്ചുനീക്കുമെന്ന സൂചനയും വാക്കാല്‍ നല്‍കിയിട്ടുണ്ട്.

എവേക്ക് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് ഷെഹീന്‍ ബാഗ് സമരപ്പന്തല്‍ ആരംഭിച്ചത്. വിദ്യാര്‍ഥിനികളും വീട്ടമ്മമാരും അണിനിരക്കുന്ന സമരത്തിന് ‘ രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹ്യ മേഖലകളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു പോകണമെന്നാണ് സര്‍ക്കാര്‍ നയമെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് പിന്നിടുമ്പോഴാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമര പന്തല്‍ പൊളിച്ചു നീക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button