രണ്ടായിരത്തി പതിനാറിന്റെ രണ്ടാം പകുതി,
ജോലിതിരക്കുകൾക്കിടയിലും,ഇടവേളകളില്ലാതെ മുഖപുസ്തകത്തിൽ മുഖംകാണിക്കാൻ മടികാണിക്കാത്ത കാലം,
കെ.ആറിനെ പെണ്ണ് കെട്ടിച്ചേ അടങ്ങു
എന്ന വാശിയോടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റുകൾ കയറിയിറങ്ങിയും,ബ്രോക്കർമാർക്ക് പിന്നാലെ നടന്നും കുഴയുന്ന കാലം,
കത്തുന്ന ചൂട് കോമരമാടുന്ന ഒരു വെള്ളിയാഴ്ച്ചയിലെ പകലിൽ പതിവ്പോലെ മുഖപുസ്തകത്തിലൂടെ തെക്ക് വടക്കലയുന്നതിനിടയിലാണ് വൈഷുവിനെ വളരെ യാദൃശ്ചികമായി മുഖപുസ്തകത്തില്‍ ഫ്രണ്ടായി ലഭിക്കുനത് ,
നാലയിരത്തിനു മുകളിലുള്ള മുഖപുസ്തക സൌഹൃദങ്ങളിലെ അനേകം സ്ത്രീ നാമധേയങ്ങളില്‍ ഒന്ന്മാത്രമായി വൈഷുവിനെയും കണക്കാക്കുനതിനിടയിലാണ് ഇരുവരുടെയും കോമണ്‍സുഹൃത്തിന്റെ വൈഷുവിനെ കുറിച്ചുള്ള വിവരണം മെസ്സഞ്ചറില്‍ എന്നെ തേടിയെത്തുന്നത്………………………….
” രണ്ടു പേരും എന്തേലുമൊക്കെ എഴുതുന്നവര്‍ ,രണ്ടു പേരും സഖാക്കള്‍ ,നിനക്ക് ഒന്നാലോചിച്ചു കൂടെ ” ………………
മനസ്സിലേക്ക് ഒരു ചെറിയ തീപ്പൊരി വിതറിയിട്ട് മുഖപുസ്തക സുഹൃത്തായ രാഹുല്‍ സ്കൂട്ടായി ………
രാഹുലിന്റെ വാക്കുകള്‍ക്ക് മസില്‍പിടുത്തത്തിന്റെ അകമ്പടിയോടെ
” ഹേയ് അതൊന്നും ശരിയാവില്ല ” എന്ന് മറുപടികൊടുക്കുമ്പോള്‍ തന്നെ വൈഷുവിന്റെ ഇന്‍ ബോക്സില്‍ എന്റെ വക “ഹായ് ” എത്തി കഴിഞ്ഞിരുന്നു……………
ആദ്യമൊക്കെ ” ഹായ് ,സലാം ” പറച്ചിലുകളുടെ തനിയാവര്‍ത്തനങ്ങള്‍ ,പിന്നീടത് പരിചയപ്പെടുത്തലിലേക്കും, ഫോണ്‍സംഭാഷണങ്ങളിലേക്കും നീണ്ടു,
പിവി സിന്ധു ഒളിമ്പിക്സില്‍ ബാഡ്മിന്റ്ന്‍ ഫൈനല്‍ കളിച്ച ദിവസമാണ് ,ആദ്യമായി ഞങ്ങൾ പരസ്പരം സംസാരിക്കുന്നത്, പിന്നീടത് രാത്രിയും പകലുമായി ആഴ്ച്ചകളോളം സൌഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുള്ള സംഭാഷണങ്ങളായി നീണ്ടു ,
ലക്ഷ്യം പരസ്പരം മനസിലാക്കുക എന്നത് മാത്രം. ………………
ഇരുവരുടെയും ,ചിന്തകള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും ഒരേ തരംഗദൈര്‍ഘ്യം ആണെന്ന് മനസ്സിലായതോടെ ജീവിതത്തില്‍ ഒന്നിക്കാമെന്ന നിര്‍ണായകമായ തീരുമാനത്തിലേക്ക് ഇരുവരും ഏത്തിചേര്‍ന്ന് ,ഒപ്പം ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുകയായിരുന്നു…………………
പുത്തന്‍തലമുറയുടെ “ഹായ്,ഡാർലിംഗ് ” പ്രണയങ്ങളുടെ പ്രളയകാലത്ത് ഞങ്ങളുടെ സ്വകാര്യസംഭാഷണങ്ങളില്‍ മധുരമൂറുന്ന വാക്കുകള്‍ മാത്രമായിരുന്നില്ല , പുസ്തകങ്ങളും , എഴുത്തും ,ആനുകാലിക സംഭവവികാസങ്ങളും ചര്‍ച്ചയ്ക്ക് വരുമായിരുന്നു….
ആദ്യമായി കാണുമ്പോള്‍ ഏവിടെ ഉമ്മവെക്കുമെന്ന് ചോദിക്കുന്ന അതെ തീവ്രതയോടെ , ട്രമ്പിന്‍റെ വൈറ്റ്ഹൌസിലേക്കുള്ള ചുവട് വെപ്പ് മുതല്‍ മണിയാശാന്‍റെ മന്ത്രിസഭാ പ്രവേശനം വരെയും …..
നോട്ട് നിരോധനത്തിന്റെ ശരിതെറ്റുകള്‍ മുതല്‍ ലോകോളേജ് സമരം വരെയും, പെരുമാള്‍ മുരുകന്‍ മുതല്‍ സന്തോഷ്‌എച്ചിക്കാനം വരെയും, റോജര്‍ഫെഡററുടെ വിംമ്പില്‍ഡന്‍ വിജയംമുതല്‍,തമിഴകലോകത്തെ ഇളക്കിമറിച്ച ജെല്ലികെട്ടു വിഷയംവരെയും, ഞങ്ങളുടെ സ്വകാര്യചര്‍ച്ചകളില്‍ കടന്നുവന്നു……
ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ കാലം മുന്നോട്ട് കുതിക്കുന്നതിനിടയിൽ ഒന്നിച്ചു ജീവിക്കുക എന്ന അനിവാര്യതയിലേക്ക് കാലെടുത്തുവെക്കുവാൻ ഒരുങ്ങിയ ഞങ്ങളെ കാത്തിരുന്ന പ്രതിസന്ധികളൊരുപാട്,
ഇടഞ്ഞു നിന്ന ഇരുവീട്ടുകാരെയും അനുനയിപ്പിക്കുക എന്ന ഭാരമേറിയ ദൗത്യം പൂർത്തിയാക്കിയപ്പോഴാണ് വിധി ജാതകത്തിന്റെ രൂപത്തിൽ വില്ലൻ വേഷം കെട്ടി കടന്നുവന്നത്,
കണിയാന്റെ കവടിപ്പലകയിലെ കളങ്ങൾ വിധിയെഴുതി,
” ജാതകപൊരുത്തം കുറവ്, ഒന്നിച്ചുള്ള ജീവിതം ദോഷം ചെയ്യും ”
കണിയാന്റെ കല്പ്പന വന്നതോടെ അർദ്ധസമ്മതം മൂളിയിരുന്ന വൈഷുവിന്റെ വീട്ടുകാർ വീണ്ടും തലതിരിച്ചു,.
വീട്ടുകാരെ ധിക്കരിച്ചു, അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്തി ഒരു ഇറങ്ങിവരവിനുള്ള എന്റെ പ്രേരണ വൈഷു സ്നേഹപൂർവ്വം നിരസിച്ചു , എല്ലാവരെയും പറഞ്ഞു മനസിലാക്കി നമുക്ക് ഒന്നിക്കാൻ കഴിയുമെന്ന് അവൾ ഉറച്ചു വിശ്വസിച്ച നാളുകൾ, കണിയാന്റെ കല്പനക്കും മുകളിൽ വീട്ടുകാർക്ക് മുന്നിൽ അവൾ സമർപ്പിച്ച ദയാഹർജിയുടെ വിധിയും കാത്ത് പിന്നെയും കുറച്ച് നാളുകൾ,
ഒടുവിൽ രണ്ടായിരത്തി പതിനേഴിലെ ഏപ്രിൽ മാസത്തിന്റെ രണ്ടാം ദിവസം, എല്ലാ പ്രതിസന്ധികളെയും മറികടന്ന്, ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഞാൻ വൈഷുവിന്റെ കഴുത്തിൽ താലികെട്ടി,
അതെ ഞങ്ങള്‍ ഇന്നും പ്രണയിക്കുന്നു , ചിരിച്ചുകൊണ്ട് ,വഴക്കടിച്ചു കൊണ്ട് , കരഞ്ഞുകൊണ്ട് ,രോഷംപ്രകടിപ്പിച്ചുകൊണ്ട് ,അങ്ങനെ അങ്ങനെ, പല പല വികാരങ്ങളാല്‍ സമ്മിശ്രമായ ഞങ്ങളുടേതായ പാതയിലുടെ എന്‍റെയും വൈഷുവിന്റെയും പ്രണയം മുന്നോട്ടുപോകുന്നു,
അതിനു വഴിയൊരുക്കിയത് ഈ മുഖപുസ്തകവും ……..
കെ.ആര്‍,രാജേഷ്
Post Your Comments