ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1368 ആയി. ചൊവ്വാഴ്ച 242 പേര്‍കൂടി മരിച്ചു. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. 60286 പേര്‍ക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരുന്നത് ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറിഞ്ഞിരിക്കേണ്ടുന്ന് ചില വസ്തുതകള്‍ ഇങ്ങനെ. സാധാരണ ജലദോഷം മുതല്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസ്. പ്രധാനമായും ഈ വൈറസ് പടരുന്നത് ശരീര സ്രവങ്ങളില്‍ നിന്നാണ്. തുമ്മുക, ചുമയ്ക്കുക എന്നീ കാര്യങ്ങള്‍ അശ്രദ്ധമായോ അല്ലാതെയോ ചെയ്യുമ്പോള്‍ വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളില്‍ ചിലപ്പോള്‍ വൈറസുകള്‍ ഉണ്ടായിരിക്കും. ഇത് വായുവില്‍ പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും.
യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്, മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകള്‍ സാധാരണയായി ചുമ, തുമ്മല്‍, കൈകള്‍ തമ്മില്‍ തൊടുകയോ ഷേക്ക് ഹാന്‍ഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പര്‍ക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പര്‍ശിച്ച ശേഷം, കൈ കഴുകുന്നതിനുമുമ്പ് വായ, മൂക്ക്, കണ്ണുകള്‍ എന്നിവിടങ്ങളില്‍ നിങ്ങള്‍ തൊട്ടാല്‍ വൈറസുകള്‍ പടരാം എന്ന് സിഡിസി പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിങ്ങനെയുള്ള കൊറോണ വൈറസുകളുടെ കൂടുതല്‍ ഗുരുതരമായ പതിപ്പുകള്‍ കൂടുതല്‍ അപകടം വിതയ്ക്കുന്നതാണ്.
എലികള്‍, വവ്വാലുകള്‍, പാമ്പുകള്‍ തുടങ്ങിയവയുടെ വായില്‍ പലതരം വൈറസുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇവയില്‍ പലതിനും മനുഷ്യകോശങ്ങളില്‍ പെറ്റുപെരുകാനുള്ള ശേഷിയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ധാരാളം മൃഗങ്ങളെയും ഇഴജന്തുക്കളെയും വവ്വാലുകളെയും ജീവനോടെയോ അല്ലാതെയോ കഴിക്കുന്നവരാണ് ചൈനക്കാര്‍. ഇവയെ വലിയതോതില്‍ കശാപ്പു ചെയ്യുന്ന ചന്തകള്‍ വളരെ വൃത്തിഹീനമാണ്. അത്തരം സാഹചര്യങ്ങളില്‍ ഒരു ജീവിയില്‍നിന്ന് ഒരു വൈറസ് ഒരാളിലേക്കു പകരുമ്പോള്‍, അതിനെ പ്രതിരോധിക്കാനുള്ള ശേഷി ആ ആളില്‍ അപ്പോള്‍ ഇല്ലാത്തതിനാല്‍ അയാളില്‍ സാന്നിധ്യമുറപ്പിക്കുകയും മറ്റ് ആളുകളിലേക്കു പകരുകയും ചെയ്യും. രോഗബാധിതര്‍ യാത്ര ചെയ്യുന്നതിനനുസരിച്ച് വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്കു പകരുന്നു. ഇങ്ങനെ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ ഇതു പടരാം.
ആരോഗ്യ സംവിധാനങ്ങള്‍ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാതിരുന്ന കാലഘട്ടങ്ങളിലെ പകര്‍ച്ചവ്യാധികള്‍ ചെറിയ കാലയളവിനുള്ളില്‍ ധാരാളം പേരെ കൊന്നൊടുക്കിയിട്ടുണ്ട്. 1918 ലെ സ്പാനിഷ് ഫ്‌ലൂ എന്ന് വിളിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസ് ബാധ ലോകമെമ്പാടും 50 ദശലക്ഷം ആളുകളെയാണ് കൊന്നത്. 2009 ല്‍ പരന്ന H1N1 ഇന്‍ഫ്‌ലുവന്‍സ വൈറസ് പന്നിയില്‍നിന്നും പക്ഷിയില്‍നിന്നും ഒരു പ്രത്യേക രീതിയില്‍ ആണ് ഉത്ഭവിച്ചത്. ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ആണ് ആദ്യവര്‍ഷത്തില്‍ മരിച്ചത്. ഇപ്പോഴും ശൈത്യകാലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പടര്‍ന്നു പിടിക്കുന്ന ഇന്‍ഫ്‌ലുവന്‍സ കാരണം വര്‍ഷംതോറും ശരാശരി 5 ലക്ഷം ആളുകള്‍ മരിക്കുന്നുണ്ട്.
കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതിന് പ്രതിരോധ വാക്സിനും ലഭ്യമല്ല. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. ലക്ഷണങ്ങള്‍ മനസ്സിലാക്കിയ ശേഷം പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് സാധാരണയായി നല്‍കുന്നത്. കൂടാതെ രോഗിക്ക് നിര്‍ബന്ധമായും വിശ്രമം അനുശാസിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്ത ആളില്‍ നിന്നും അതുണ്ടാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ കൂടി വൈറസ് പകരാം എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചൈനയില്‍നിന്നു വന്നവരും അവരുടെ വീട്ടുകാരും യാതൊരു കാരണവശാലും മറ്റുള്ളവരെ സന്ദര്‍ശിക്കരുത്.
ഹസ്തദാനങ്ങളും അടുത്തിടപഴകലും ചുറ്റിയടിക്കലും ഒഴിവാക്കി മുറിയില്‍തന്നെ ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം. 28 ദിവസം ആണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. അതിനിടയില്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പ് തന്ന നമ്പറില്‍ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ഉടനെ മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്ക് കഴുകുകയും വേണം. രോഗിയുടെ വീട്ടിലെ എല്ലാവരും ഇത്തരം പ്രതിരോധ നടപടികള്‍ എടുക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലത്ത് ഒരിക്കലും തുപ്പുകയും ചുമയ്ക്കുകയും ചെയ്യരുത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ സ്വയം അലക്കിയതിനു ശേഷം ഡെറ്റോളില്‍ മുക്കി കഴുകുക. വീട്ടില്‍ പ്രായമായവര്‍, പ്രമേഹരോഗികള്‍, ശ്വാസകോശ സംബന്ധമായി അസുഖമുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Post Your Comments