ബെംഗളൂരു: അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്‌ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസമയം താന്‍ ലംബോര്‍ഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്‌ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറഞ്ഞു.
അമിത വേഗതയിലെത്തിയ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താന്‍ എംഎല്‍എയുടെ മകന്‍ തയ്യാറായില്ല. സംഭവത്തിനു പിന്നാലെ നളപാദ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എന്നാല്‍ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു ട്രാഫിക് പോലീസ് നളപാദിന് നോട്ടീസയയ്ക്കുകയായിരുന്നു.
അതേസമയം, മുഹമ്മദ് നാലാപ്പാടാണ് കാറോടിച്ചതെന്ന് ബെംഗളൂരു പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ദൃക്‌സാക്ഷികളുടെ മൊഴികളും ഇയാള്‍ക്കെതിരായിരുന്നു.ബുധനാഴ്ച ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
2018 ല്‍ പബ്ബിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. അന്ന് കര്‍ണാടകയില്‍ ഏറെ വിവാദമായ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് 116 ദിവസമാണ് ജയില്‍ വാസം അനുഭവിച്ചത്.
Post Your Comments