Latest NewsKeralaNews

കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ വിടുതല്‍ ചെയ്യാനുള്ള പരിഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറേക്ടറില്‍ നടന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിലാണ് മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കിയത്. വുഹാനില്‍ നിന്നോ ചൈനയിലെ മറ്റ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നോ കേരളത്തിലെത്തിയ ദിവസം മുതല്‍ അല്ലെങ്കില്‍ അവിടെ നിന്നും വന്നവരുമായി അവസാനമായി സമ്പര്‍ക്കം പുലര്‍ത്തിയ ദിവസം മുതല്‍ 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി കണക്കാക്കുന്നത്. ഈ മാര്‍ഗരേഖ അനുസരിച്ച് മാത്രമേ വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. കൊറോണ വൈറസ് രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, മറ്റ് രാജ്യങ്ങളില്‍ കൊറോണ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ച പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, കൊറോണ വൈറസ് രോഗ ബാധിതരുടെ ശരീര സ്രവം, രക്തം, ഛര്‍ദ്ദി, ഉമിനീര്‍, മൂത്രം, മലം എന്നിവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, രോഗിയുപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തൊടുകയോ വൃത്തിയാക്കുകയോ ചെയ്തവര്‍, രോഗം സ്ഥിരീകരിച്ചവരുമായി 3 അടിയ്ക്കുള്ളില്‍ (1 മീറ്റര്‍) അടുത്ത് ഇടപഴകിയവര്‍, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവര്‍ (മൂന്ന് വരി സീറ്റ് മുമ്പിലും 3 സീറ്റ് വരി പിന്നിലും അകലം ഇല്ലാതെ) എന്നിവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. കൊറോണ വൈറസ് ബാധിതരുമായോ സംശയിക്കപെടുന്നവരുമായോ ഒരേ മുറിയിലോ ഒരേ ക്ലാസ് മുറിയിലോ കഴിഞ്ഞവരോ ബസ്, ട്രെയിന്‍, വിമാനം എന്നിവയില്‍ ഒരുമിച്ച് യാത്ര ചെയ്തവരോ എന്നാല്‍ മേല്‍പറഞ്ഞ വിധം ഹൈ റിസ്‌കില്‍ അല്ലാത്ത വിധം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ലോ റിസ്‌ക് വിഭാഗത്തിലാണ് വരുന്നത്. ഇവരെയെല്ലാം തന്നെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം വിടുതല്‍ ചെയ്യേണ്ടത്.

കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ നിന്ന് ഡിസാചാര്‍ജ് ചെയ്ത ശേഷവും വീട്ടിലെ നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. ആശുപത്രിയില്‍ പ്രവേശിച്ച ദിവസം മുതല്‍ 28 ദിവസം വരേയാണ് വീട്ടിലെ നിരീക്ഷത്തില്‍ തുടരേണ്ടത്. വുഹാനിലോ ചൈനയിലോ നിന്ന് മടങ്ങി വന്നവരുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ പോലും 28 ദിവസത്തെ കര്‍ശനമായ വീട്ടിലെ നിരീക്ഷണത്തിന് ശേഷം വിടുതല്‍ ചെയ്യാവുന്നതാണ്.

രോഗലക്ഷണമുണ്ടെങ്കിലും ലാബ് പരിശോധന ഫലം നെഗറ്റീവോ രോഗലക്ഷണം ഇല്ലാത്തവരോയായ ദ്വിതീയ തലത്തില്‍ രോഗബധിതരുമായി സമ്പര്‍ക്കത്തിലുള്ളവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിടുതല്‍ ചെയ്യാവുന്നതാണ്.

സിംഗപ്പൂര്‍, മലേഷ്യ തായ്‌ലാന്റ്, വിയറ്റ്‌നാം, തായ്‌വാന്‍, ജപ്പാന്‍, സൗത്ത് കൊറിയ, യു.എസ്.എ., ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ., മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഹൈ റിസ്‌ക് ഉള്ളവരെ 28 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം മാറ്റാം. ഈ രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌കില്‍ വന്നവര്‍ക്ക് നിരീക്ഷണം ആവശ്യമില്ല.

ഒരു വ്യക്തിയുടെ നിരീക്ഷണ കാലയളവ് അവസാനിക്കുന്ന ദിവസം തന്നെ ആ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളുടെയും നിരീക്ഷണ കാലയളവും തീരുന്നതാണ്. മറ്റേതെങ്കിലും സാഹചര്യങ്ങളിലെ തീരുമാനം അപകട സാധ്യതാ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിയുക്ത മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് എടുക്കാവുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button