തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഒറ്റ സ്‌കാനിംഗിലൂടെ തന്നെ തലമുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാനാകുന്നു എന്നതാണ് ഈ സ്‌കാനറിന്റെ പ്രത്യേകത. എക്‌സ്‌റേ, സി.ടി. സ്‌കാന്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു തവണ മാത്രം മരുന്നു നല്‍കി വളരെ കുറഞ്ഞ റേഡിയേഷനില്‍ ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്തി അറിയേണ്ടതും അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ തന്നെ അപൂര്‍വം ആശുപത്രികളില്‍ മാത്രമാണ് സ്‌പെക്ട് സ്‌കാനര്‍ ഉള്ളത്. ഈ സ്‌കാനറിനായി ബജറ്റില്‍ തുക വകയിരുത്തിയതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൈറോയ്ഡ് കാന്‍സര്‍, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, അസ്ഥിയിലെ കാന്‍സര്‍ തുടങ്ങി പതിനഞ്ചോളം കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ഈ ചികിത്സ നല്‍കുന്നതിന് സ്‌പെക്ട് സ്‌കാനര്‍ അത്യാവശ്യമാണ്. സ്‌പെക്ട് സ്‌കാനര്‍ സ്ഥാപിക്കുന്നതോടുകൂടി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ ഈ ചികിത്സകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് ന്യൂക്ലിയര്‍ മെഡിസിന്‍?
ആണവ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന മൂലകങ്ങള്‍ മരുന്ന് രൂപത്തില്‍ ഉപയോഗിച്ച് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രോഗനിര്‍ണയവും, ചികിത്സയും നടത്തുന്ന ആധുനിക വൈദ്യശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍. ഈ മരുന്നുകള്‍ വളരെ ചെറിയ അളവില്‍ അതായത് ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തില്‍ ഒന്ന് മാത്രം (നാനോഗ്രാം) ഉപയോഗിക്കുന്നത് കൊണ്ട് പ്രായോഗികമായി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മതലത്തില്‍ അറിയാനും, രോഗാവസ്ഥ മനസിലാക്കി രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നല്‍കുന്നതിനും ന്യൂക്ലിയര്‍ മെഡിസിന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതിലൂടെ ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കാനും കഴിയുന്നു.
സ്‌പെക്ട് സ്‌കാന്‍
ന്യൂക്ലിയാര്‍ മെഡിസിനില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അത്യാവശ്യമായ ഉപകരണമാണ് സ്‌പെക്ട് സ്‌കാനര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രത്യേകമായും സ്‌കാന്‍ ചെയ്യാന്‍ സ്‌പെക്ട് സ്‌കാനറിലൂടെ സാധിക്കുന്നു. തൈറോയിഡ് സ്‌കാന്‍, പാര തൈറോയിഡ് സ്‌കാന്‍, ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍, കിഡ്‌നി സ്‌കാന്‍, ബോണ്‍ സ്‌കാന്‍, ഹൈപ്പറ്റോലിറ്ററി ആന്റ് ഗാസ്‌ട്രോ ഇന്റേണല്‍ സ്‌കാന്‍ എന്നിവയാണ് സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാന്‍ കഴിയുന്ന പ്രധാന സ്‌കാനിംഗുകള്‍
തൈറോയിഡ് സ്‌കാന്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മുഴകള്‍ എന്നിവ കണ്ടെത്തുന്നതിനും അവ ഏതു തരമാണ്, അതിപ്രവര്‍ത്തനത്തിനുള്ള ഉള്ള കാരണങ്ങള്‍, അതിന് റേഡിയോ അയഡിന്‍ ചികിത്സ ഫലപ്രദമാകുമോ എന്നിവ അറിയാന്‍ ഈ സ്‌കാനിലൂടെ സാധിക്കുന്നു. ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യുന്നത് വഴി തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സറിന്റെ വ്യാപ്തി അറിയാനും തൈറോയ്ഡ് കാന്‍സര്‍ ചികിത്സ എത്രത്തോളം ഫലവത്തായി എന്നറിയാനും തുടര്‍ ചികിത്സയ്ക്കും ഈ സ്‌കാന്‍ സഹായിക്കുന്നു.
പാരാതൈറോയ്ഡ് സ്‌കാന്‍
പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്താനും അതിന്റെ സ്ഥാനം കൃത്യമായി മനസിലാക്കി ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനും ഈ സ്‌കാന്‍ സഹായിക്കുന്നു.
ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍
ഹൃദയാഘാതം വരാനുള്ള സാധ്യത മനസിലാക്കാനും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തുടങ്ങുന്നതിനും ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാനിലൂടെ സാധിക്കുന്നു. ഹൃദയ ധമനികളിലെ തടസം ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്ത പ്രവാഹത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. ആന്‍ജിയോ പ്ലാസ്റ്റി, കൊറേണറി ബൈപാസ് സര്‍ജറി എന്നിവ കൊണ്ട് പ്രയോജനമുണ്ടോയെന്നും ഓപ്പറേഷന് ശേഷം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടോയെന്നറിയാനും സാധിക്കുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ദൃശ്യമല്ലാത്ത തടസങ്ങള്‍ മനസിലാക്കാന്‍ ന്യൂക്ലിയര്‍ കാര്‍ഡിയാക് സ്‌കാന്‍ സഹായിക്കും.
കിഡ്‌നി സ്‌കാന്‍
സ്‌പെക്ട് സ്‌കാന്‍ വഴി പലതരം കിഡ്‌നി സ്‌കാനുകള്‍ നടത്താം. വൃക്ക രോഗ നിര്‍ണയത്തിനും വൃക്കകളുടെ ശേഷി മനസിലാക്കുന്നതിനും ചികിത്സയ്ക്കും ഓപ്പറേഷനും വൃക്കമാറ്റി വച്ചതിനും ശേഷം പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും കിഡ്‌നി സ്‌കാനിലൂടെ സഹായിക്കും.
ബോണ്‍ സ്‌കാന്‍
അസ്ഥിയിലെ കാന്‍സര്‍, മറ്റു കാന്‍സറുകള്‍ അസ്ഥിയിലേക്ക് വ്യാപിക്കുന്നത്, മറ്റു സ്‌കാനുകള്‍ ഉപയോഗിച്ച് നിര്‍ണയിക്കാന്‍ പറ്റാത്തവ, അസ്ഥികളിലെ അണുബാധ, കൃത്രിമ സന്ധികളുടെ പ്രവര്‍ത്തനം, ബയോപ്‌സി ചെയ്യാനുള സ്ഥാനം നിര്‍ണയിക്കല്‍, അസ്ഥിവേദനയുടെ കാരണം കണ്ടെത്തല്‍ എന്നിവ ബോണ്‍ സ്‌കാനിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു.
ബ്രെയിന്‍ സ്‌കാന്‍
അപസ്മാരം, മറവിരോഗം, തളര്‍വാതം, തലച്ചോറിലെ കാന്‍സര്‍ തുടങ്ങി വിവിധതരം മസ്തിഷ്‌ക രോഗങ്ങളെ മറ്റുതരം സ്‌കാനുകള്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ബ്രെയിന്‍ സ്‌കാനിലൂടെ സഹായിക്കുന്നു.
ഹൈപ്പറ്റോലിറ്ററി ആന്റ് ഗാസ്‌ട്രോ ഇന്റേണല്‍ സ്‌കാന്‍
കുടലിലെ രക്തസാവം, കുടല്‍ചുരുക്കുകള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, പിത്തസഞ്ചിയുടെ തടസം, അണുബാധ എന്നിവ കണ്ടുപിടിക്കാന്‍ ഈ സ്‌കാനിംഗിലൂടെ കഴിയുന്നു. എന്‍ഡോസ്‌കോപ്പി വഴിയോ, ആന്‍ജിയോഗ്രാം വഴിയോ കണ്ടെത്താന്‍ കഴിയാത്തത്ര ചെറിയ രക്തസ്രാവം പോലും സ്‌പെക്ട് സ്‌കാനിലൂടെ കണ്ടെത്താന്‍ സഹായിക്കുന്നു.
Post Your Comments