കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയ ഒറ്റ പ്രസംഗം കൊണ്ട് രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് വിപ്ലവ് താക്കൂർ. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസിന്‍റെ രാജ്യസഭാഗംമാണ് 76 കാരിയായ വിപ്ലവ് താക്കൂർ. വിപ്ലവിനെ കുറിച്ച് സുധാ മേനോൻ എഴുതിയ കുറിപ്പ് വായിക്കാം.
” ആരാണ് ഇവിടെ ഇവിടെ സ്‌കൂളുകളും, കോളേജുകളും ഉണ്ടാക്കിയത്? ആരാണ് IIT കൾ ഉണ്ടാക്കിയത്? ആരാണ് ഇവിടെ ഐഐഎം ഉണ്ടാക്കിയത് ? കഴിഞ്ഞ ആറു വർഷങ്ങളിൽ നിങ്ങൾ എന്താണിവിടെ ചെയ്തത് ?ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുക അല്ലാതെ , വെട്ടി മുറിക്കാൻ ശ്രമിക്കുക അല്ലാതെ നിങ്ങൾ എന്താണ് ചെയ്തത്?
നിങ്ങള്ക്ക് ചരിത്രമറിയില്ലേ? പറയു? ആരാണ് മുഹമ്മദ് ഘോറിയെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്?ആരായിരുന്നു ജയചന്ദ്? മഹാറാണാ പ്രതാപ് ഹൽദിഘട്ടിൽ അക്ബറിനെതിരെ പടപൊരുതുമ്പോൾ ആദിവാസികൾ ആയ ഭിലുകൾ അല്ലാതെ ഏതു ഹിന്ദു രാജാവാണ് അദ്ദേഹത്തെ സഹായിച്ചത് ? …ആരാണ് രാജ്യദ്രോഹികൾ? കമ്യുണിസ്റ് പാർട്ടി ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത സമയത്തും പണ്ഡിറ്റ് നെഹ്‌റു അവരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചിരുന്നില്ല.വാജ്‌പേയ് ലോകസഭയിൽ നെഹ്‌റുവിനെ നിശിതമായി വിമര്ശിച്ചപ്പോഴും ആരും രാജ്യദ്രോഹിയെന്നു വിളിച്ചിട്ടില്ല. എന്നാൽ ഇന്ന് പ്രധാനമന്ത്രിയെ, ആഭ്യന്തരമന്ത്രിയെ വിമര്ശിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണ്….നിങ്ങൾ ഈ രാജ്യത്തെ ഇനിയും വിഭജിക്കരുത്.. “
അടുത്ത കാലത്തു രാജ്യസഭയിൽ കേട്ട ത്രസിപ്പിക്കുന്ന പ്രസംഗത്തിന്റെ ഭാഗങ്ങൾ ആണിത്. ‘ബൈട്ടോ ചുപ് കർ കേ ബൈട്ടോ! ‘എന്ന് ആർജവത്തോടെ പറഞ്ഞു കൊണ്ട് തീപ്പൊരി പ്രസംഗം നടത്തിയത്
എഴുപത്തി ആറു വയസ്സുള്ള
വിപ്ലവ് താക്കൂർ!
എന്തൊരു ഊർജ്ജമാണ് അവർക്ക് ! ഹിമാചൽ പ്രദേശിൽ നിന്നുള്ള ഈ മുതിർന്ന കോൺഗ്രസ് എം പി, എത്ര വൈകാരികമായാണ് , എത്ര വേദനയോടെയാണ് ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടി രാജ്യസഭയിൽ ശബ്ദമുയർത്തിയത് !
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിൽ കിടന്ന സജീവ കോൺഗ്രസ് നേതാവ് സരളാ ശർമയുടെയും സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കമ്മ്യുണിസ്റ് പാർട്ടി നേതാവുമായിരുന്ന പരസ് റാമിന്റെയും മകൾ ബിപ്ലവ്, നെഹ്രുവിയൻ ഇന്ത്യയിൽ ജനിച്ചു വളർന്നതാണ്. അതു കൊണ്ട് തന്നെ നുണകൾ കൊണ്ട്, അപവാദങ്ങൾ കൊണ്ട് ആ നെഹ്രുവിയൻ ലിബറൽ ബോധം തകർക്കാൻ ശ്രമിക്കുന്ന ഏതു ശ്രമത്തെയും അവർ വൈകാരികമായി പ്രതിരോധിക്കാൻ ശ്രമിക്കുക സ്വാഭാവികം . ആ ബോധമാണ് പ്രധാനമന്ത്രിക്കു എതിരെ പൊട്ടിത്തെറിക്കാൻ അവർക്കു കരുത്തു നൽകിയതും. ആത്മബോധത്തിന്റെ, മതേതര നൈതികതയുടെ, ഉദാത്തമായ മാനവികബോധത്തിന്റെ കരുത്ത് .
ബിപ്ലവ് താക്കൂറിനെ പോലുള്ള സ്ത്രീകൾ ആണ് കോൺഗ്രസ്സിന്റെ ശബ്‌ദമാകേണ്ടത്, സഭയിലും, തെരുവിലും….അവർ ഇനിയും പ്രസംഗിക്കട്ടെ, പൊരുതട്ടെ…
Post Your Comments