കൊച്ചി: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ചിന്തകനുമായ പി.പരമേശ്വരനെ മരണം വന്നു വിളിച്ചത് അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നപ്പോള്‍. ഇഷ്ടപ്പെട്ട സദ്യയുണ്ട് പാട്ട് കേട്ടായിരുന്നു മടക്കമെന്ന് അദ്ദേഹത്തോടൊപ്പം 33 വര്‍ഷമായി കഴിയുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വി. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുന്നു. മരണത്തിന്റെ തൊട്ടുമുമ്പ് വരെ അദ്ദേഹം ശാന്തനായിരുന്നു. മറ്റ് അസുഖങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മരണദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ആ നിമിഷങ്ങളെ കുറിച്ച് വി.സുരേന്ദ്രന്‍ പറയുന്നു.
Read Also : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വരന്‍ അന്തരിച്ചു
ആയുര്‍വേദ കേന്ദ്രത്തിലെ കിടത്തിച്ചികിത്സയ്ക്കുശേഷം അദ്ദേഹം ഒറ്റപ്പാലത്ത് ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച അദ്ദേഹം വളരെ ഉത്സാഹത്തിലായിരുന്നു. ചികിത്സിക്കുന്ന ഡോ. സേതുമാധവന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാവിലെത്തന്നെ ഞങ്ങള്‍ പോയി. അവിടെ അദ്ദേഹം വളരെ സന്തോഷത്തോടെയാണു കഴിഞ്ഞത്. ഉച്ചഭക്ഷണമെല്ലാംകഴിച്ച് മടങ്ങി.
വൈകുന്നേരവും അദ്ദേഹം വളരെ ഉത്സാഹത്തിലായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള അട കഴിച്ചു. ആറുമണി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചരിച്ചിരുന്ന നഴ്സ് സ്വാതിയും കുടുംബവും കാണാന്‍വന്നു. സ്വാതി അദ്ദേഹത്തിന് പാട്ട് പാടിക്കൊടുത്തു. കേട്ടിരുന്ന അദ്ദേഹം അതിനൊപ്പം മൂളാനും തയ്യാറായി.
പാട്ടെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന് ഗാനങ്ങള്‍ എപ്പോഴും ഇഷ്ടമായിരുന്നു. പത്തുമണിയോടെ കിടന്നെങ്കിലും അധികം വൈകാതെ അസ്വസ്ഥതകള്‍ തുടങ്ങി. വായുകോപമായിരിക്കുമെന്ന് കരുതി അതിനുള്ള മരുന്ന് നല്‍കി. വീണ്ടും കിടന്നെങ്കിലും ഉറങ്ങാനായില്ല. പതിനൊന്നരയോടെ നില വഷളായി. ഏറെ വൈകാതെ വിയോഗം സ്ഥിരീകരിച്ചു.
ഞായറാഴ്ച രാവിലെ കൊച്ചിയിലെ കാര്യാലയത്തിലേക്കു വരാനിരുന്നതാണ്. ഒരാഴ്ച കൊച്ചിയില്‍ താമസിച്ചശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു പരിപാടി. ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴാണ് ദേഹവിയോഗമുണ്ടായതെന്നും സുരേന്ദ്രന്‍ പറയുന്നു.
https://www.facebook.com/uthaman.nedungadi/videos/1824465901017551/
Post Your Comments