Latest NewsKeralaNews

അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് അഡ്വ. പി സതീദേവി

കൊച്ചി: അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് മുന്‍ എം.പി.യും സി.പി.എം. നേതാവുമായ അഡ്വ. പി സതീദേവി. ക്ഷേത്ര പരിസരത്ത് പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള വാദങ്ങളെ ചോദ്യം ചെയ്ത യുവതിയെ മറ്റു സ്ത്രീകള്‍ ആക്രമിച്ച കാഴ്ച അടുത്തിടെയാണ് കണ്ടത്. കാക്കകള് കൊത്താതിരിക്കാനാണ് സിന്ദൂരം തൊടുന്നതെന്നാണ് ആക്രമണം നടത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞത്. സ്ത്രീകളുടെ മനസ്സില്‍ പോലും അത്തരം വികല ചിന്തകളാണ് ഉയര്‍ന്നുവരുന്നത്. മതരാഷ്ട്ര, പുരുഷാധിപത്യ ബോധങ്ങളല്ല ഇവിടെ പരിശീലിക്കപ്പെടേണ്ടതെന്നും സതീദേവി പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പെണ്‍കരുത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നേര്‍പകുതി അവകാശം സ്ത്രീകള്‍ക്കാണെന്ന് പറയുന്ന ഭരണഘടനവച്ച് ഏഴ് പതിറ്റാണ്ട് ഭരിച്ചിട്ടും നിയമനിര്‍മാണ സഭയില്‍ 33 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കാനായിട്ടില്ലെന്ന അവസ്ഥയാണ് നാട്ടിലെന്നും സതീദേവി അഭിപ്രായപ്പെട്ടു. ഈ അവസ്ഥ മാറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടത്തിനില്ല. പുരുഷാധിപത്യമൂല്യങ്ങള്‍ക്കനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കരുത്ത് എന്നത് പുരുഷന് വിശേഷണമായി നല്‍കുന്ന, സ്ത്രീയെ അബലയായി കാണുന്ന സമൂഹത്തിലാണ് പെണ്‍കരുത്ത് എന്ന വാക്ക് ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്. സ്ത്രീകള്‍ സകലതും ക്ഷമിക്കണമെന്നു പറയുന്ന സമൂഹമാണിത്. ശാസ്ത്രം പുരോഗമിച്ച ഈ കാലത്തും സ്ത്രീയെ വീടിന്റ വിളക്കായി കാണുന്ന മനോഭാവമാണെന്നും സതീദേവി പറഞ്ഞു.

സ്ത്രീകളെപ്പോലും മാന്യമായ രീതിയില്‍ പരിഗണിക്കാത്തവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ എങ്ങനെ കാണുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് ചോദിച്ചു. എഴുതപ്പെടാത്ത സാമൂഹിക നിയമങ്ങള്‍ ഇവിടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അട്ടിമറിക്കുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. തീരുമാനമെടുക്കേണ്ട സ്ഥാനങ്ങളിലേക്ക് എത്ര സ്ത്രീകള്‍ എത്തിപ്പെടുന്നു എന്ന കാര്യം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. ഭരണഘടനയും സര്‍ക്കാരും അനുവദിക്കുന്ന അവകാശങ്ങള്‍പോലും സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് ജാനമ്മ കുഞ്ഞുണ്ണി അഭിപ്രായപ്പെട്ടു.

ഖമറുന്നിസ അന്‍വര്‍, ഡോ. സി. ഉദയകല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button