ദുബായ്: വന്‍തുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്കെതിരെ നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകള്‍. വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.
യു.എ.ഇ കോടതി വിധികള്‍ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുന്‍നിര്‍ത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.
യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എന്‍.ബി.ഡി., അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്ബതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍കൂടി ഇവര്‍ക്കൊപ്പം ചേരുമെന്നാണു സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകള്‍ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ സ്ഥിരീകരിക്കുന്നു.
വ്യക്തിഗത വായ്പകളേക്കാള്‍ സ്ഥാപനങ്ങളുടെ പേരില്‍ കോടിക്കണക്കിന് ദിര്‍ഹം വായ്പയെടുത്തു രക്ഷപ്പെട്ട ഉടമകളെയാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. 2018, 2019 കാലയളവിലാണ് യു.എ.ഇ ബാങ്കുകള്‍ക്ക് വായ്പയിനത്തില്‍ വലിയ തുക നഷ്ടമായത്. 50,000കോടി വരെ കിട്ടാക്കടമായി ബാങ്കുകള്‍ക്കുണ്ട്. നിലവിലെ സാഹചര്യത്തില്‍ വായ്പാ തുകയില്‍ ഒരു പങ്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചാല്‍ തന്നെ ബാങ്കുകള്‍ക്ക് അത് ഏറെ ഗുണം ചെയ്യും.
Post Your Comments