KeralaLatest NewsNewsIndia

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച്‌ കടത്തൽ; മലയാളി യുവാക്കൾ പിടിയിൽ

കോട്ടയം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച്‌ കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ. രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. തൃശ്ശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം പുത്തന്‍വീട്ടില്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി. കോളേജ് ചെറിയംപറമ്പിൽ വീട്ടില്‍ കെ.എ നിഷാദ് (37) എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാര്‍, വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക് ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിലകൂടിയ കാറുകള്‍ വാടകയ്‌ക്കെടുത്തശേഷം തമിഴ്‌നാട്ടിലെത്തിച്ച്‌ തീവ്രവാദികള്‍ക്ക് കൈമാറുകയായിരുന്നു. ആലുവയില്‍നിന്നും തിരുവല്ലയില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. പിടിയിലായവര്‍ അല്‍-ഉമ എന്ന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനത്തിനും പണത്തിനുമായാണ് പ്രതികള്‍ വാഹനങ്ങള്‍ തട്ടിയെടുത്തിരുന്നത്.

കോയമ്പത്തൂർ സ്‌ഫോടനക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച കോയമ്പത്തൂർ കുനിയമ്മുത്തൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്) പ്രതികള്‍ പ്രധാനമായും കാറുകള്‍ എത്തിച്ചുനല്‍കിയിരുന്നത്. 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അന്തസ്സംസ്ഥാന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടാനാണ് പോലീസ് നീക്കം.

തമിഴ്നാട്ടിലെത്തിക്കുന്ന വാഹനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 86 വാഹനങ്ങള്‍ ഇത്തരത്തില്‍ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് റഫീഖിനെ പിടികൂടാന്‍ പോലീസ് സംഘം തമിഴ്നാട്ടിലെ ഉക്കടത്ത് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് പോലീസിന്റെ സഹായം തേടിയെങ്കിലും പ്രതിയുടെ താവളത്തിലെത്തി പിടികൂടാന്‍ പ്രയാസമാണെന്നായിരുന്നു നിലപാട്.

ALSO READ: ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം; വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു

‌പണം കണ്ടെത്താന്‍, പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കും. മാസങ്ങള്‍ക്കു മുന്‍പ് കോട്ടയം ജില്ലയില്‍നിന്ന് ഇന്നോവ ക്രിസ്റ്റ വാഹനം ഇത്തരത്തില്‍ വാടകയ്‌ക്കെടുത്ത് തമിഴ്നാട്ടിലേക്ക്‌ കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തില്‍ വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. എസ്.ഐ. ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ. കെ.പി.മാത്യു, എ.എസ്.ഐ. പി.എന്‍. മനോജ്, സീനിയര്‍ സി.പി.ഒമാരായ ടി.ജെ.സജീവ്, സി.സുദീപ്, കെ.ആര്‍. ബൈജു, വിഷ്ണു വിജയദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button