ന്യൂഡല്‍ഹി: അനധികൃത ഫോണ്‍കോളുകള്‍ വഴി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റില്‍. അനധികൃതമായി വിദേശ ഫോണ്‍കോളുകള്‍ സാധ്യമാക്കുന്ന സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് (VoIP) നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയുന്നത്. മുബൈ പോലീസിന്റെ വലയിലാണ് ഇയാള്‍ കുടുങ്ങിയത്. പാലക്കാട് സ്വദേശിയായ മുഹമ്മദ് കുട്ടി എന്നയാളാണ് അറസ്റ്റിലായത്.
പിടിയിലായ മുഹമ്മദ് കുട്ടി നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായതെന്ന് അന്വേഷണ സംഘം പറയുന്നു.സിം ബോക്സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്ന സംവിധാനമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്.
മുംബൈ പോലീസും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചങ്ങരംകുളത്തുനിന്ന് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. വിദേശികളടക്കം ശൃംഖലയില്‍ കണ്ണികളാണെന്ന് പോലീസ് പറയുന്നു.2017 മുതല്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നുവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഫോണ്‍കോളുകള്‍ പ്രദേശിക ജിഎസ്എം കോളുകളായി തെറ്റിദ്ധരിപ്പിക്കാന്‍ ഈ അനധികൃത സംവിധാനത്തിലൂടെ സാധിക്കും. ഇത്തരം കോളിന്റെ ഉറവിടം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഇതിനായി ഉപയോഗിക്കുന്ന സിം ബോക്സ് ചൈനീസ് നിര്‍മിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകളില്‍ ഇത്തരത്തിലുള്ള എട്ട് സിം ബോക്സുകളും 600 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments