ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. ഷെജിയാംഗ് പ്രവിശ്യയില്‍ വിവാഹ, മൃതസംസ്കാര ചടങ്ങുകള്‍ നിരോധിച്ചതായി സൗത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ പ്രവിശ്യയിലെ നാലു നഗരങ്ങളില്‍ ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പാസ്പോര്‍ട്ട് എന്ന പേരില്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തി. ഒരു വീടിന് ഒരു പാസ്പോര്‍ട്ട് നല്‍കും. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഒരാള്‍ക്ക് രണ്ടു ദിവസത്തിനിടെ ഒരിക്കല്‍ വീടിനു പുറത്തിറങ്ങാം. ഇത് ഉറപ്പാക്കാനായി പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു കാവല്‍ നില്ക്കുന്ന ഉദ്യോഗസ്ഥന് പാസ്പോര്ട്ടില് സീല്‍ പതിപ്പിക്കും. അനാവശ്യമായി ആളുകള്‍ കൂട്ടംകൂടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കർശന നിയന്ത്രണങ്ങൾ. കൂടുതല്‍ പേരില്‍ രോഗം പടരുന്നത് തടയാന്‍ ഈ നടപടികള്‍ക്കു കഴിയുമെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.
അതേസമയം, ബുധനാഴ്ച 73 പേര് മരിച്ചു. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണിത്. ചൈനയില്‍ കൊറോണ വൈറസ് ബാധ പിടിപെട്ടു മരിച്ചവരുടെ എണ്ണം 563 ആയെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. പുതിയതായി 3,694 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 28,018 ആയി.
ബുധനാഴ്ച 640 രോഗികളുടെ സ്ഥിതി അതീവ ഗുരുതരമായെന്നും കമ്മീഷന് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ 3,859 പേരുണ്ട്. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 70ഉം ഹുബൈ പ്രവിശ്യയിലാണ്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഈ പ്രവിശ്യയിലാണ്. ചൈനയിൽ 1.86 ലക്ഷം പേര് നിരീക്ഷണത്തിലാണ്. ചൈനയ്ക്കു പുറത്ത് രോഗബാധിതരുടെ എണ്ണം 182 ആയി.
Post Your Comments