ന്യൂഡല്‍ഹി: തലസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് കമ്മീഷന്‍ നോട്ടീസയച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെള്ളിയാഴ്ച കെജ്‌രിവാള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റുചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്മീഷന്‍ രംഗത്തെത്തിയത്.
കെജ്‌രിവാള്‍ പങ്കുവെച്ച വീഡിയോ മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്നാണ് കമ്മീഷന്‍ പറയുന്നത്.കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ആണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘താങ്കള്‍ നന്നായി ജോലി ചെയ്യുന്നു. ജനങ്ങളെ സേവിക്കുന്ന ഈ ജോലി തുടരൂ. കഠിനാധ്വാനം ചെയ്ത് ഫലം അനുഭവിക്കൂ. എല്ലാം നന്നായി വരും. ദൈവം എന്നോട് പറഞ്ഞു’- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം നോട്ടീസിനോട് പ്രതികരിക്കാന്‍ ശനിയാഴ്ച അഞ്ചു മണിവരെ സമയം നല്‍കിയിട്ടുണ്ട്. അതിന് സാധിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് നാളെയാണ് (8ന്) വോട്ടെടുപ്പ്. 11ന് വോട്ടെണ്ണും. സർവേകൾ ആം ആദ്മിക്ക് അനുകൂലമായ പ്രവചനങ്ങളാണ് നടത്തിയത്.
Post Your Comments