ചെന്നൈ: ആദിവാസി ബാലനെകൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. എഐഎഡിഎംകെ നേതാവും വനം വകുപ്പ് മന്ത്രിയുമായ ദിണ്ടിഗല്‍ ശ്രീനിവാസനാണ് വിവാദത്തിലായിരിക്കുന്നത്. നീലഗിരിയിലെ മുദുമലൈ ടൈഗര്‍ റിസര്‍വില്‍ (എംടിആര്‍) ആന സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോളായിരുന്നു മന്ത്രി ചുറ്റുംകൂടിനിന്നവരില്‍നിന്ന് കുട്ടിയെ വിളിച്ചുവരുത്തുകയും ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെടുകയും ചെരുപ്പ് അഴിപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആന കേന്ദ്രത്തിലെ ക്ഷേത്രത്തിലേക്ക് കയറുന്നതിന് വേണ്ടിയാണ് മന്ത്രി കുട്ടിയെകൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ഒമ്പതാം ക്ലാസ്സുകാരനായ കേതന്‍. മന്ത്രി വന്നപ്പോള്‍ കേതനും സുഹൃത്തും ചുറ്റുംനിന്നവര്‍ക്കൊപ്പം കൂടി. ഇതിനിടെയാണ് മന്ത്രി കേതനെ കാണുന്നതും തന്റെ അടുത്ത് വിളിച്ചുവരുത്തി ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെടുന്നതും.
https://www.facebook.com/NaveenSurendarTK/videos/2612722229010176/?t=38
ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി തടയുന്നത് വീഡിയോയില്‍ കാണാം. പരിപാടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആദിവാസി കുട്ടിയോട് മന്ത്രി വിവേചനം കാണിക്കുകണെന്നും മോശമായി പെരുമാറുകയുമാണ് ചെയ്തതെന്നാണ് മന്ത്രിക്കെതിരെ ഉയരുന്ന വലിയ വിമര്‍ശനം.
Post Your Comments