
തിരുവനന്തപുരം: വെള്ളറട സ്വദേശിയായ സ്റ്റീഫന്റെ വായ തുറന്നു കണ്ടാൽ ആരും നടുങ്ങും. അസ്വസ്ഥതയും സഹതാപവും മൂലം കരച്ചിൽ വരും. കാരണം സ്റ്റീഫന്റെ വായ്ക്കുള്ളിൽ അണ്ണാക്കിൽ നിറയെ മുടി വളരുകയാണ്. ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും തുപ്പാൻ പോലും കഴിയാത്ത അവസ്ഥ. സ്റ്റീഫന്റെ ദുരിതത്തിന്റെ.കാരണമറിയുമ്പോഴാണ് ശരിക്കും അമ്പരക്കുക, വായ്ക്കുള്ളിൽ അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് ചർമം ശസ്ത്രക്രിയ നടത്തി പിടിപ്പിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്.
ദുരിതം സഹിക്കാതെ കഴിഞ്ഞ 17ന് ഡോക്ടറെ കാണാൻ വീണ്ടും ആശുപത്രിയിലെത്തി. ജീവിക്കാൻ സാധിക്കുന്നില്ലെന്ന് സ്റ്റീഫനും ഭാര്യയും കരഞ്ഞു പറഞ്ഞു. മുടി സ്വയം വെട്ടാൻ സാധിക്കുന്നില്ലെങ്കിൽ ബാർബറെ വിളിച്ച് വെട്ടിക്കാനായിരുന്നത്രേ ഡോക്ടർ നിർദേശിച്ചത്. ഇതോടെ മാനസികമായി തളർന്നു. ഡോക്ടർ കാര്യത്തിൽ പറഞ്ഞതാണോ, കളിയാക്കിയതാണോയെന്ന് ഇപ്പോഴും സ്റ്റീഫന് നിശ്ചയമില്ല. ‘എൻെറ ജീവിതം തുലഞ്ഞു. ഇനിയൊരാൾക്കും ഈ ഗതി വരരുത്. സ്റ്റീഫന് തെങ്ങുകയറ്റമായിരുന്നു തൊഴിൽ. ഇപ്പോൾ അതിന് സാധിക്കുന്നില്ല.
ഡോക്ടർ പറഞ്ഞ പ്രകാരം മുടി വെട്ടാൻ ഇദ്ദേഹം ശ്രമിച്ചു. എത്രശ്രമിച്ചിട്ടും ശരിയാകുന്നില്ല. മുറിഞ്ഞുവീഴുന്ന മുടി തൊണ്ടയിലേക്ക് പോകുന്നു. കുറച്ച് വയറ്റിനുള്ളിലേക്കും.ഓരോ തവണയും മുടി മുറിക്കലിനു പിന്നാലെ കടുത്ത ചുമ, ഛർദ്ദിൽ. നിലയ്ക്കാത്ത ദുരിതം. ആഹാരം ചവയ്ക്കാൻ മുടി തടസ്സം. ചവയ്ക്കാതെ വിഴുങ്ങാമെന്നു വച്ചാലും മുടി തടയും. വെള്ളം വലിച്ചു കുടിക്കുന്നതിലും മുടി. വായ നിറഞ്ഞ മുടിയുമായി വെറുതെ ഇരിക്കുമ്പോൾ പോലും അസ്വസ്ഥത. സ്റ്റീഫന്റെ ദുരിതങ്ങൾ സങ്കൽപ്പത്തിനും അപ്പുറത്താണ്.
Post Your Comments