Latest NewsNewsIndia

ഹിന്ദുമഹാസഭാ നേതാവിനെ വെടിവെച്ചു കൊന്ന സംഭവം ; ഭാര്യയും കാമുകനും പിടിയില്‍

ലഖ്‌നൗ: അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രഞ്ജിത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഭാര്യയുടെ വിവാഹേതര ബന്ധത്തെ എതിര്‍ത്തതിനാണ് രഞ്ജിത് ബച്ചനെ വെടിവെച്ച് കൊന്നത്. ഞായറാഴ്ച രാവിലെയാണ് 40കാരനായ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ രഞ്ജിത് ബച്ചന്റെ സഹോദരന്‍ ആദിത്യ ശ്രീവാസ്തവയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊലപാതകത്തില്‍ രഞ്ജിത് ബച്ചന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദിപേന്ദ്ര, ഡ്രൈവര്‍ സഞ്ജിത് ഗൗതം എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. എന്നാല്‍ രഞ്ജിതിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് ലഖ്‌നൗ പൊലീസ് കമ്മീഷണര്‍ സുജിത് പാണ്ഡേ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രഞ്ജിതില്‍ നിന്ന് വിവാഹമോചനം നേടി ദീപേന്ദ്രയെ വിവാഹം കഴിക്കണമെന്ന് സമൃതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ രഞ്ജിത് ഇതിനെ ശക്തമായി എതിര്‍ത്തു. 2016 മുതല്‍ ഇരുവരുടെയും വിവാഹമോചനക്കേസ് കുടുംബക്കോടതിയില്‍ നടന്നുവരികയാണെങ്കിലും വിവാഹമോചനത്തിന് രഞ്ജിത് തയ്യാറായില്ല. പിന്നീട് ജനുവരി 17ന് രഞ്ജിതും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചക്കിടെ സ്മൃതിയെ രഞ്ജിത് മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വെടിയുതിര്‍ത്ത ജിതേന്ദ്രയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button