ആലപ്പുഴ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി. പ്രധാന ആകര്‍ഷണമായ കെട്ടുവള്ളങ്ങളും പുരവഞ്ചികളും പലതും നീറ്റില്‍ ഇറങ്ങിയിട്ട് ദിവസങ്ങളായി. മിക്ക റിസോര്‍ട്ടുകളും ആളൊഴിഞ്ഞ അവസ്ഥയിലാണ്. ഇതുവരെ ലക്ഷങ്ങളുടെ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കില്ല. വിദേശ വിനോദസഞ്ചാരികള്‍ ബുക്കിംഗ് റദ്ദാക്കുന്നത് കൂടി വരുന്നു. ഭക്ഷണശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വരുമാനം കുറഞ്ഞു. അതേസമയം, കൊറോണ ഭീതി നേരിടാന്‍ ടൂറിസം മേഖലയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊറോണ ഭീതിയില്‍ ആളുകള്‍ എത്താതായതോടെ ഹൗസ് ബോട്ടുകള്‍ മിക്കതും സഞ്ചാരികളുടെ വരവും കാത്ത് കിടപ്പാണ്. സ്‌കൂള്‍ വെക്കേഷനായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും കൊറോണ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ടൂറിസം മേഖലയില്‍ ഉണ്ടാകുക. ആലപ്പുഴയില്‍ ജൂണ്‍ മാസം വരെ വിനോദസഞ്ചാര സീസണാണ്. കായലോളങ്ങളിലെ പുരവഞ്ചി യത്രകള്‍ക്ക് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കാലം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പാടെ മാറി മറിഞ്ഞു.
ALSO READ: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി ജി.സുധാകരന്‍
കായല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സഞ്ചാരികളുടെ വരവില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ടൂറിസം രംഗം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മുന്‍കരുതല്‍ എടുക്കണമെന്നും വിനോദയാത്രകള്‍ പരമാവധി കുറയ്ക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
Post Your Comments