Latest NewsNewsInternational

21 മലയാളി വിദ്യാര്‍ത്ഥികള്‍ ചൈനീസ് വിമാനത്താവളത്തില്‍ കുടുങ്ങി : കേന്ദ്രസര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥികള്‍

ബീജിങ്ങ് : ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇനിയും 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചിച്ചില്ല. നാട്ടിലേക്ക് തിരിക്കാന്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് 21 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി ഇന്ത്യയില്‍ എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

Read Also : കൊറോണ ചൈനയിൽ മരണം 24,000 കടന്നോ? ടെക് കമ്പനി പുറത്ത് വിട്ട കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, തിരുത്തി ചൈന

വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ വിമാനജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. സിംഗപ്പൂരില്‍ വിദേശികള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞത്. സിംഗപ്പൂര്‍ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂര്‍ ഭരണകൂടത്തിന്റെ നിര്‍ദേശമെന്ന് വിമാനജീവനക്കാര്‍ അറിയിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഡാലിയന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ക്ക് തിരികെ ഹോസ്റ്റലിലും പോകാനാകാത്ത സ്ഥിതിയാണ്. ഹോസ്റ്റലിന് വെളിയില്‍ പോകുന്നവരെ തിരികെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റല്‍ അധികൃതര്‍ ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. തിരികെ ഹോസ്റ്റലിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പുവാങ്ങിയാണ് തങ്ങളെ ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് വിട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഇതോടെ വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തില്‍ പെട്ടുപോയ സ്ഥിതിയാണ്. കുനിംഗില്‍ നിന്നും സിംഗപ്പൂര്‍ വഴി തിരുവനന്തപുരത്ത് എത്താനായിരുന്നു വിദ്യാര്‍ത്ഥികള്‍ ടിക്കറ്റെടുത്തിരുന്നത്. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button