ബെംഗളൂരു: ബംഗളൂരില്‍ വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന കേസിൽ യുവതിക്കായി വല വിരിച്ച് പൊലീസ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
ബെംഗളൂരു കെആര്‍ പുരം രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന അമൃത(33)യാണ് അമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഉറങ്ങുന്നതിനിടയില്‍ കിടപ്പുമുറിയിലാണ് അമ്മയായ നിര്‍മല(54)യെ അമൃത കൊലപ്പെടുത്തിയത്. ശേഷം തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സഹോദരന്‍ ഹരീഷി(31)നെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സഹോദരന്റെ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ അമൃത വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. 15 ലക്ഷം രൂപയുടെ കട ബാധ്യത അമൃതയ്ക്കുണ്ടായിരുന്നു. താന്‍ വരുത്തിവെച്ച കടബാധ്യത കാരണം കുടുംബത്തിന് ചീത്തപ്പേരുണ്ടാകുമെന്ന ഭയമായിരുന്നു അമൃതയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്റെ മുറിയിലെത്തിയ അമൃത ഇക്കാര്യം ഹരീഷിനോട് പറയുകയും ചെയ്തു. വീട്ടുകാര്‍ക്കും ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇതിനിടെ കടം നല്‍കിയവര്‍ നിരന്തരം പണം തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. താന്‍ വരുത്തിവെച്ച കടബാധ്യത കാരണം കുടുംബത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുന്നതിലും നല്ലത് എല്ലാവരും മരിക്കുന്നതാണെന്ന് അമൃത കരുതിയിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചത്.
ALSO READ: നിര്‍ഭയ കേസ്: ദയാ ഹർജി തള്ളിയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ? കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ വിധി ഇന്ന്
പരിക്കേറ്റ ഹരീഷ് ബന്ധുവിനെ ഫോണില്‍വിളിച്ച് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടന്‍തന്നെ ബന്ധു ഇവരുടെ വീട്ടിലെത്തി ഹരീഷിനെയും അമ്മയെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Post Your Comments