Kerala

മൊബൈൽ ടവറിനേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായിട്ടുള്ള വികാസത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ജില്ലാ ടെലികോം കമ്മിറ്റി ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
തൃശൂർ പാഴായിയിൽ രണ്ടാമത്തെ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ സി. കെ. ബാബുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിസരത്ത് 15 ഓളം പേർക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ട്. ചിലർ മരിച്ചു. ഇപ്പോൾ കരിപ്പാട്ടിൽ മുരളി എന്നയാളിന്റെ വസ്തുവിൽ എയർടെൽ ടവർ സ്ഥാപിക്കാൻ നടപടി തുടങ്ങിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
തൃശൂർ ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും സമവായത്തിലെത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജില്ലാ ടെലികോം കമ്മിറ്റിയുടെ പരിഗണനക്ക് വിഷയം സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ കമ്മിറ്റിയിൽ പരാതി പറയാനുള്ള അവസരം നിഷേധിച്ചതായി പരാതിക്കാരൻ അറിയിച്ചു. ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള അവകാശം ഏറ്റവും വലിയ മൗലികാവകാശമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഓരോ പൗരനും ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരാണ്. ഗ്രാമവാസികളുടെ ആരോഗ്യസംരക്ഷണത്തിന് പഞ്ചായത്ത് നടപടിയെടുക്കേണ്ടതുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ജില്ലാ ടെലികോം കമ്മിറ്റിക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജില്ലാ ടെലികോം കമ്മിറ്റി പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button