ശ്രീകേരളവർമ്മ കോളേജിനു സമീപം സ്വകാര്യവ്യക്തിയുടെ ഭൂമിയിലും പരിസരത്തും
മാലിന്യങ്ങൾ നിഷേപിക്കുന്നത് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യമെങ്കിൽ സിസിറ്റിവി ക്യാമറ സ്ഥാപിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നവരെ സിസിറ്റിവി ക്യാമറയിൽ കണ്ടെത്തി ഐപിസി വകുപ്പുകളും നഗരസഭാ നിയമത്തിലെ വ്യവസ്ഥകളും പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാലിന്യം തെരുവിലേക്കും പൊതു സ്ഥലത്തേക്കും വലിച്ചെറിയുന്നത് കുറ്റകരമായതിനാൽ രാത്രികാല സ്‌ക്വാഡ് രൂപീകരിച്ച് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നിർദ്ദേശം നൽകി.
Read also: സഞ്ജു നടത്തിയ സാഹസിക ശ്രമത്തിന്റെ ചിത്രം സ്‌ക്രീന്‍സേവറാക്കി ആനന്ദ് മഹീന്ദ്ര
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുറിച്ച് സിവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യം മൂന്നുതവണ മാറ്റിയിട്ടുണ്ട്. മാലിന്യം എറിയുന്നവരെ പിടികൂടാൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പരാതിക്കാരൻ റിപ്പോർട്ടിലെ ന്യായവാദങ്ങൾ തെറ്റാണെന്ന് അറിയിച്ചു. 3000 ത്തോളം കുട്ടികൾ പഠിക്കുന്ന കോളേജിന് മുന്നിൽ മാലിന്യം നിക്ഷേപിക്കുന്നത് തെറ്റാണെന്നും ഇത് ഗുരുതര മാരകരോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കെ.കെ. സുബ്രഹ്മണ്യൻ നൽകിയ പരാതിയിലാണ് നടപടി
Post Your Comments