തിരുവനന്തപുരം: ‘ പരിവാഹന്‍’ വെബ്സൈറ്റില്‍ ഇനി കേരളവും . സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി മുതല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്‍പന ചെയ്ത parivahan.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കേന്ദ്രത്തിന്റെ ‘പരിവാഹനി’ല്‍ ഒടുവില്‍ കേരളവും അം?ഗമായി. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കു വാഹന്‍, ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു സാരഥി എന്നിങ്ങനെ രണ്ട് ഭാഗമാണു പോര്‍ട്ടലിലുള്ളത്.
വാഹനങ്ങളുടെ നികുതി അടയ്ക്കുക, വില്‍പനയുടെ ഭാഗമായി ഉടമസ്ഥത മാറ്റുക, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ വിവിധ പെര്‍മിറ്റുകള്‍ തുടങ്ങി ഏതു സേവനവും ഇനി ഈ പോര്‍ട്ടല്‍ വഴിയാണു ചെയ്യേണ്ടത്. നേരിട്ടു ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളെയും മോട്ടര്‍ വാഹന ഓഫീസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാമെന്നു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്വന്തം വാഹനങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്കും സാധിക്കും.
സംസ്ഥാനത്തു കാസര്‍കോട്, വയനാട് ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ മാത്രമാണു നിലവില്‍ സാരഥിയില്‍ ചേര്‍ത്തിരിക്കുന്നത്. ഒരു മാസത്തിനകം മുഴുവന്‍ ജില്ലകളിലെയും വിവരങ്ങള്‍ ചേര്‍ക്കും.
Post Your Comments