തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ടിപി സെൻകുമാറിന്റെ പരാതിയിൽ പിജി സുരേഷ്കുമാറിനെയും, കടവിൽ റഷീദിനെയും പ്രതിയാക്കി കേസെടുത്തതിനെതിരെ, പത്രപ്രവർത്തക യൂണിയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം യൂണിയന് മുഖ്യമന്ത്രിയെ അറിയിക്കും.
മുഖ്യമന്ത്രിയോട് കേസ് പിൻവലിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെടും. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ നിയമവിദഗ്ധരും വ്യാപക വിമർശനമാണ് ഉയർത്തുന്നത്.
കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. അതേസമയം പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടത്. പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, നടപടികൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ALSO READ: കര്‍ണാടകയില്‍ മന്ത്രിസഭാ വിപൂലീകരണ നീക്കവുമായി ബിഎസ് യെദ്യൂരപ്പ
തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കേസ് ആണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.
Post Your Comments