ജീവിതത്തിലൊരിക്കലും ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. ആളുകള്‍ സ്ഥിരം പറയുന്ന പരാതികളിലൊന്നാണിത്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്. പലപ്പോഴും ലക്ഷണങ്ങള്‍ വ്യക്തമായി പറയാനും സാധിച്ചെന്നുവരില്ല. വയര്‍ വീര്ത്തുനില്ക്കുന്ന പ്രതീതി, വയര്‍ സ്തംഭനം, തികട്ടി വരല്, പുകച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തും വേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എപ്പോഴാണ് ഗ്യാസ് വരുന്നത്, എപ്പോഴാണത് കൂടുന്നത് എന്നിവയൊക്കെ പലരിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വയറില്‍ ഗ്യാസ് നിറഞ്ഞതായി തോന്നുക. മറ്റു ചിലര്‍ക്കാകട്ടെ വിശന്നിരിക്കുമ്ബോള് ഗ്യാസ് നിറയും.
എന്താണ് ഗ്യാസ്
നാം ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ അല്ലെങ്കില്‍ ഉമിനീര് ഇറക്കുകയാ ചെയ്യുമ്ബോള്‍ ചെറിയ അളവില്‍ വായു കൂടി അകത്തേക്ക് പോകുന്നുണ്ട്. ഇത് വയറ്റില്‍ ശേഖരിക്കപ്പെടുന്നു. ദഹനവ്യൂഹത്തിലുള്ള വായു പ്രധാനമായും ഓക്സിജനും നൈട്രജനും ആണ്. ഭക്ഷണം ദഹിപ്പിക്കപ്പെടുമ്ബോള് വായു ഹൈഡ്രജന്‍, മീതൈന്‍, കാര്‍ബണ്‍ഡയോക്സൈഡ് രൂപത്തില്‍ പുറത്തു വിടുന്നു.
ഗ്യാസ് പല വിധത്തില്‍ ഉണ്ടാവാം. ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്ബോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലില്‍ നന്നായി ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാക്കാം. അന്നനാളം, വയര്‍, നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാ കാറുണ്ട്. അതിനാല്‍ സ്ഥിരമായി ഗ്യാസ് പ്രശ്നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തണം. അവഗണിക്കാതെ അടിസ്ഥാന രോഗത്തിനു ചികിത്സയും ചെയ്യണം. ഭക്ഷണത്തിലെ പ്രശ്നങ്ങളോ ദഹനക്കേടോ ആണ് കാരണമെങ്കില്‍ അതു പരിഹരിക്കാനുള്ള വഴികള്‍ തേടാം.
ഗ്യാസ് ഉണ്ടാക്കുന്ന
ഭക്ഷണങ്ങള്‍
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമായും സങ്കീര്‍ണ അന്നജങ്ങളും ഭക്ഷ്യനാരുകളും കൂടുതലായി കാണ പ്പെടുന്നു. ഒരേ ഭക്ഷണം എല്ലാവരിലും ഗ്യാസ് ഉണ്ടാക്കണമെന്നില്ല. എന്നാലും ഭൂരിഭാഗം ആളുകളിലും ഗ്യാസ് ഉണ്ടാക്കുന്ന പ്രധാന ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവയാണ്.കാബേജ്, കോളിഫ്ളവര്‍, കിഴങ്ങുകള്‍, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, യീസ്റ്റ് അടങ്ങിയ ബേക്കറി വിഭവങ്ങള്‍.
അടുക്കളയിലെ മരുന്നുകള്‍
അയമോദകം: അയമോദകത്തില്‍ അടങ്ങിയിട്ടുള്ള തൈമോള്‍ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.
ജീരകം; ജീരകത്തിലെ എസന്‍ഷ്യല്‍ ഓയിലുകള്‍ ഉമിനീര് കൂടുതലായി ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ദഹനം സുഗമമാക്കു കയും ഗ്യാസ് അമിതമാവാതെ സഹായിക്കുകയും ചെയ്യും.
കായം: കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളര്‍ച്ച തടയുന്നു. ഇളം ചൂട് വെള്ളത്തില്‍ കായം ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും.
ഇഞ്ചി: ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
Post Your Comments