Latest NewsNewsIndia

ഫെബ്രുവരി 6 ന് സി.പി.ഐ (എം) പ്രതിഷേധ ദിനം

തിരുവനന്തപുരം•കേന്ദ്രബജറ്റിനെതിരെ ഫെബ്രുവരി 6 പ്രതിഷേധദിനമായി ആചരിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അന്ന്‌ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും.

കേന്ദ്രധനമന്ത്രി ശനിയാഴ്‌ച അവതരിപ്പിച്ച കേന്ദ്രബജറ്റ്‌ പൂര്‍ണ്ണമായും കോര്‍പ്പറേറ്റ്‌ അനുകൂലവും, സാധാരണ ജനങ്ങള്‍ക്ക്‌ എതിരുമാണ്‌. ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സമ്പദ്‌ഘടനയെ മാന്ദ്യത്തിലും മരവിപ്പിലും എത്തിച്ചതിനെത്തുടര്‍ന്ന്‌ വിലക്കയറ്റവും തൊഴിലില്ലായ്‌മയും ചരിത്രത്തിലെ ഉയര്‍ന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ നല്‍കിയ വന്‍നികുതി ഇളവ്‌ കാരണം വരവ്‌ കുറഞ്ഞത്‌ നികത്താന്‍ റിസര്‍വ്‌ ബാങ്കിന്റെ കരുതല്‍ ധനം ഏതാണ്ട്‌ പൂര്‍ണ്ണമായും കേന്ദ്രം കൈയ്യടക്കി. 2.1 ലക്ഷം കോടി രൂപയ്‌ക്ക്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച്‌ പൂര്‍ണ്ണ സ്വകാര്യവത്‌ക്കരണം ഈ ബജറ്റ്‌ ലക്ഷ്യമിട്ടിരിക്കുന്നു. സാധാരണക്കാരെ സഹായിക്കാനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കെല്ലാം ഈ ബജറ്റില്‍ വിഹിതം വെട്ടിച്ചുരുക്കിയിരിക്കുന്നു.

കാര്‍ഷിക വ്യവസായ മേഖലയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്ന പദ്ധതികളില്ല. രാസവള സബ്‌സിഡി കുറയ്‌ക്കുന്ന നിര്‍ദ്ദേശമാണ്‌ ബജറ്റിലുള്ളത്‌. എല്‍.ഐ.സി പോലും സ്വകാര്യവത്‌ക്കരിക്കാന്‍ പോകുന്നു.

സഹകരണ മേഖലയിലെടുത്ത ശത്രുതാപരമായ സമീപനം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം തകരാനിടയാക്കും. പ്രവാസികളുടെ വരുമാനത്തിന്‌ ആദായ നികുതി ചുമത്താനുള്ള നീക്കവും കേരളത്തെ പ്രതികൂലമായി ബാധിക്കും. കേരളത്തിനുള്ള കേന്ദ്രവിഹിതം കുറച്ചു. സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായ എയിംസ്‌്‌ ഇത്തവണയും അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനും ആവശ്യമായ ധന നിക്ഷേപമില്ല. ദേശീയപാതയുടെ കാര്യത്തിലും കേന്ദ്ര അവഗണന തുടരുകയാണ്‌.

നിക്ഷേപം വര്‍ദ്ധിപ്പിച്ചും, ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടിയും സമ്പദ്‌ഘടനയെ ചലനാത്മകമാക്കുന്നതിന്‌ പകരം അതിസമ്പന്ന വിഭാഗത്തിന്റെ കൊള്ളലാഭം വര്‍ദ്ധിപ്പിക്കാനുള്ള സഹായിയായി കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങുന്നതിന്റെ യഥാര്‍ത്ഥ രൂപമാണ്‌ ബജറ്റില്‍ കാണാനാവുന്നത്‌. എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതത്തില്‍ വിപരീത പ്രതിഫലനമുണ്ടാക്കുന്ന ഈ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. ഈ നയം മാറ്റിക്കാന്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളില്‍ എല്ലാവരും പങ്കെടുക്കണം. ഫെബ്രുവരി 6 ന്റെ പ്രതിഷേധദിനം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button