അറിവില്ലായ്മയും അശ്രദ്ധയുമാണ് നിശബ്ദ കൊലയാളിയായ ഹൃദയാഘാതമുണ്ടാകാന്‍ കാരണം. ചെറുപ്രായത്തില്‍ തന്നെവരുന്ന ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദയാഘാതവും ഹൃദ്രോഗവും കാരണം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടുകോടി മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേര്‍ക്കും അത് വരാതെ നോക്കാന്‍ സാധിക്കുമായിരുന്നുവെന്നതാണ് വാസ്തവം.
ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ പൂര്‍ണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലച്ച് പേശികളുടെ പ്രവര്‍ത്തനം നിലച്ച് നശിച്ചുപോവുന്ന അവസ്ഥയാണ്.
ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ നെഞ്ചില്‍ ഭാരം എടുത്തുവെച്ചപോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലുള്ള വേദന ഇടതുകൈയിലേക്കും ചിലര്‍ക്ക് ഇരുകൈകളിലേക്കും മറ്റുചിലര്‍ക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്ഥത ഓരോ ആളിലും ഓരോ വിധത്തിലായിരിക്കും. ഇത് നെഞ്ചെരിച്ചില്‍, പുകച്ചില്‍ എന്നിവയും വരിഞ്ഞുമുറുകുന്ന രീതിയിലും അനുഭവപ്പെടും. കൂടാതെ ഛര്‍ദ്ദി, ക്ഷീണം, തലചുറ്റല്‍, അമിതമായി ശരീരം വിയര്‍ക്കല്‍ എന്നിവയുണ്ടാവും. അപൂര്‍വമായി വയറിളക്കവും കാണാം. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടെന്നും വരാം. പ്രത്യേകിച്ച് രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഹൃദയത്തിന് വലത്തും ഇടത്തുമായിട്ടുള്ള രണ്ട് രക്തക്കുഴലുകള് വഴിയാണ് ഹൃദയത്തിലേക്ക് രക്തമെത്തുന്നത്. പഠനങ്ങള്‍ അനുസരിച്ച് ഹൃദയത്തിന്റെ രക്തക്കുഴലുകളില്‍ 10 വയസ്സ് കഴിയുമ്‌ബോള്‍ തന്നെ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നു.
ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നതിനെ കൊറോണറി ആര്‍ത്രോസ് ക്ളീറോസിസ് എന്നാണ് പറയുന്നത്. പ്രായമാകും തോറും കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടിവരും. ഈ കൊഴുപ്പ് രക്തക്കുഴലിന്റെ വ്യാസത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാകുമ്‌ബോള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന അസുഖത്തിലേക്കെത്തുന്നു. ചില ആളുകള്‍ക്ക് നടക്കുമ്‌ബോള്‍ നെഞ്ചില്‍ ഭാരം എടുത്തുവെച്ചപോലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നതിനെയാണ് ക്രോണിക് സ്റ്റേബിള്‍ ആന്‍ജിന എന്ന് പറയുന്നത്. ഈ അവസ്ഥയില്‍ വിശ്രമിക്കുകയോ നാവിന്റെ അടിയില്‍ നൈട്രേറ്റ് ഗുളികകള്‍ വെക്കുകയോ ചെയ്താല്‍ അസ്വസ്ഥത കുറയുന്നു.
കാരണങ്ങള്‍
ഹൃദയാഘാതത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാന്‍ പറ്റുന്നതും മാറ്റിയെടുക്കാന്‍ പറ്റാത്തതുമായ ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മര്‍ദ്ദം, പ്രമേഹം, ബി.പി., വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാന്‍പറ്റുന്ന ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ത്തന്നെ ഒരുപരിധിവരെ നമുക്ക് ഹൃദയാഘാതത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. മനുഷ്യശരീരത്തില്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കൊളസ്ട്രോളാണുള്ളത്.എച്ച്.ഡി.എല്‍. നല്ല കൊളസ്ട്രോളാണ്. എന്നാല്‍, ടൈഗ്ളിസറൈഡ്സ്, എല്‍.ഡി.എല്‍., വി.എല്‍.ഡി.എല്‍. എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നതാണ്.
Post Your Comments