ദമ്മാം: ശ്രീമതി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ്, പ്രവാസി ഇന്ത്യക്കാരെ ദ്രോഹിയ്ക്കുന്നതും , ചൂഷണം ചെയ്യുന്നതുമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.
ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ ടാക്സ് അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ, ഇന്ത്യയിലെ വരുമാനനികുതിയുടെ പരിധിയില്‍ കൊണ്ട് വരിക വഴി, പ്രവാസികള്‍ ഇന്ന് വരെ അനുഭവിച്ചിരുന്ന ഒരു അവകാശമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാകുന്നത്. വിദേശത്ത് പ്രതികൂല കാലാവസ്ഥകളെ വരെ നേരിട്ട് ജോലി ചെയ്ത് നാട്ടിലേയ്ക്ക് പണം അയയ്ക്കുക വഴ, ഇന്ത്യക്ക് വിലയേറിയ വിദേശനാണയം നേടിത്തരുന്ന പ്രവാസികളെ ഇന്ന് വരെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പുതിയ നീക്കത്തിലൂടെ പ്രവാസികള്‍ അയയ്ക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും. ലോകമെങ്ങും ജീവിയ്ക്കുന്ന ഇന്ത്യന്‍ പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളെ ഒന്നടങ്കം ഗുരുതരമായി ബാധിയ്ക്കുന്ന ഒരു പ്രഖ്യാപനം ആണിത്.
ഇത് മാത്രമല്ല പ്രവാസികളെ ദ്രോഹിയ്ക്കാന്‍ ഈ ബജറ്റില്‍ ഉള്ളത്. ഒരു വര്ഷം 182 ദിവസം വിദേശത്ത് താമസിച്ചിരുന്ന പ്രവാസിയെയാണ് ഇന്ന് വരെ വിദേശ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പരിഗണിച്ചിരുന്നത്. അത് മാറ്റി, ഒരു വര്‍ഷം 240 ദിവസമെങ്കിലും വിദേശത്ത് താമസിച്ചവരെ മാത്രമേ വിദേശ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പരിഗണിയ്ക്കൂ എന്നാണ് പുതിയ ബജറ്റ് നിര്‍ദേശം. അതായത് ഒരു പ്രവാസി നാട്ടില്‍ വെക്കേഷന് പോയിട്ട് മൂന്നു മാസത്തിലധികം തങ്ങിയാല്‍ അവന്‍ വിദേശ ഇന്ത്യക്കാരന്‍ അല്ലാതായി മാറും. രോഗം മൂലവും, കുടുംബപ്രശ്നങ്ങള്‍ മൂലവും മറ്റും ചിലപ്പോള്‍ നാട്ടില്‍ പോയി കൂടുതല്‍ ദിവസം തങ്ങുന്നവര്‍ ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാകും എന്നത് തീര്‍ച്ചയാണ്.
ഇത് പോരാതെ, ഇന്ഷുറന്സ് അടക്കമുള്ള സമ്പാദ്യപദ്ധതികള്‍ക്ക് മുന്പ് അനുവദിച്ചിരുന്ന നികുതി ഇളവ് ഇല്ലാതാക്കിയ ” തല തിരിഞ്ഞ പരിഷ്കാരവും” , നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രവാസികളെ ഗുരുതരമായി ബാധിയ്ക്കുന്ന വിഷയമാണ്.
നോട്ട് നിരോധനവും, ജി എസ്.ടിയും അടക്കമുള്ള പല തല തിരഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങള്‍ വഴി ഇന്ത്യ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ത്ത മോഡി സര്‍ക്കാര്‍, ഇപ്പോള്‍ ധനകമ്മി ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കുന്നത് പോലുള്ള തരികിട പരിപാടികള്‍ ചെയ്യുന്നത് പോരാഞ്ഞിട്ട്, വിദേശ ഇന്ത്യക്കാരെക്കൂടിചൂഷണം ചെയ്യാന്‍ ഇറങ്ങിയിരിയ്ക്കുന്നത് അത്യന്തം അപലപനീയമാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദും പത്രകുറിപ്പിലൂടെ അറിയിച്ചു.
Post Your Comments