KeralaLatest NewsNews

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാന്‍ കഴിയാത്തവധം അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട ; തോമസ്‌ഐസക്

കര്‍ണാടകയില്‍ പൗരത്വനിയമഭേദഗതിക്കെതിരെ നാടകം കളിച്ച സ്‌കൂളിലെ പ്രധാനാധ്യാപികയെയും വിദ്യാര്‍ത്ഥികളിലൊരാളുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തസംഭവത്തില്‍ വിമര്‍ശനവുമായി തോമസ് ഐസക് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിപാടി അവതരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുത്തിയിരിക്കുന്ന കുറ്റം. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിച്ചിരുന്നു. കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാന്‍ കഴിയാത്തവധം അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനായി നരേന്ദ്രമോദിയെ പ്രതിഷ്ഠിക്കാമെന്നാണ് അനുയായി വൃന്ദത്തിന്റെ വ്യാമോഹം. മോദിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദൈവനിന്ദയ്ക്കു സമാനമാണ് എന്നാണ് അവരുടെ ഭാവം. ശാഖകളിലൂടെ വളരുന്ന ഈ വൈതാളികവൃന്ദത്തിന്റെ മാനസികാവസ്ഥയിലേയ്ക്ക് നാട്ടിലെ പോലീസും എത്തിച്ചേരുകയാണ്. എന്നും അദ്ദേഹം കുറിച്ചു

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാന്‍ കഴിയാത്തവധം അസഹിഷ്ണുതയില്‍ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട.നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരില്‍ സ്‌കൂളിനെയും ഹെഡ്മാസ്റ്ററെയും അഭിനേതാക്കളായ കുട്ടികളുടെ രക്ഷിതാക്കളെയുമൊക്കെ പെടുത്തിയിരിക്കുന്നത് രാജ്യദ്രോഹക്കേസില്‍.

ഹെഡ്മാസ്റ്ററെയും ഒരു അമ്മയെയും ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. മോദിയെ വിമര്‍ശിച്ചാല്‍ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവന്‍ ഭരണകൂട ഭീകരതയുടെ കുരിശില്‍ കിടക്കേണ്ടി വരുമെന്നാണ് ഭീഷണി. ഇതോടൊപ്പമുള്ള ചിത്രം നോക്കുക. കൊച്ചുകുട്ടികളെ കുറ്റവാളികളെപ്പോലെ പോലീസുദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. മനുഷ്യത്വമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?

ഇതെന്തൊരു ഭരണമാണെന്ന് പരസ്പരം ചോദിക്കുകയാണ് ഓരോ ഇന്ത്യാക്കാരനും. രാജ്യത്തിന്റെ ഭരണാധികാരികള്‍ ഇതിനും മുമ്പും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. കര്‍ക്കശമായ രാഷ്ട്രീയപരിഹാസവും ആക്ഷേപഹാസ്യവും നേരിടേണ്ടി വരാത്ത ഏതു ഭരണാധികാരിയുണ്ട്? നാടകത്തിലും സിനിമയിലും കഥയിലും കവിതയിലും കാര്‍ട്ടൂണിലുമൊക്കെ രാഷ്ട്രീയവിമര്‍ശനങ്ങളും ഭരണകൂട വിമര്‍ശനങ്ങളുമൊക്കെ കടന്നുവരിക സ്വാഭാവികമാണ്. ആധുനിക ജനാധിപത്യ സമൂഹത്തില്‍ പ്രത്യേകിച്ചും.

എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനായി നരേന്ദ്രമോദിയെ പ്രതിഷ്ഠിക്കാമെന്നാണ് അനുയായി വൃന്ദത്തിന്റെ വ്യാമോഹം. മോദിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദൈവനിന്ദയ്ക്കു സമാനമാണ് എന്നാണ് അവരുടെ ഭാവം. ശാഖകളിലൂടെ വളരുന്ന ഈ വൈതാളികവൃന്ദത്തിന്റെ മാനസികാവസ്ഥയിലേയ്ക്ക് നാട്ടിലെ പോലീസും എത്തിച്ചേരുകയാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ജാമിയായിലെ സമരക്കാര്‍ക്കെതിരെ അക്രമി വെടിയുതിര്‍ക്കുമ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു പോലീസ്. തോക്കേന്തി നില്‍ക്കുന്ന ഏതോ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനു പിന്നില്‍ പരിപൂര്‍ണ അച്ചടക്കത്തോടെ പോലീസുകാര്‍ നില്‍ക്കുകയാണ് എന്നേ ആ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നൂ. അക്രമികള്‍ക്കാണ് പോലീസ് സഹായം. ജെഎന്‍യു ഹോസ്റ്റലില്‍ അഴിഞ്ഞാടിയ അക്രമികള്‍ക്കും പോലീസ് സഹായമുണ്ടായിരുന്നു. അതേ പോലീസ് മനോഭാവമാണ് കര്‍ണാടകത്തിലും നാം കാണുന്നത്.

രാജ്യം നേരിടുന്ന വെല്ലുവിളി എത്രമാത്രം ഭീഷണമാണെന്ന് ഓരോ ദിവസവും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button