KeralaLatest NewsNews

മോഷ്ടിച്ചത് മറ്റൊരാള്‍; ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ക്കിടന്നത് 47 ദിവസം, നിരപരാധിയുടെ ജീവിതം ഇന്ന് തെരുവില്‍; സംഭവം ഇങ്ങനെ

മാവേലിക്കര : മാലമോഷണക്കേസില്‍ 47 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ആള്‍ നിരപരാധി . കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമര്‍ദനത്തിന്റെയും നാട്ടുകാര്‍ക്കുമുന്‍പില്‍ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയില്‍ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കല്‍ ജി.രമേശ് കുമാര്‍. ജയില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും ജോലിയും വീടും നഷ്ടപ്പെട്ട രമേശ് തെരുവിലായി.

സ്ഥലവാസിയായ പുളിമൂട്ടില്‍ കാര്‍ത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ കായംകുളം മേനാമ്ബള്ളി സ്വദേശി നിധിന്‍ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. നവംബര്‍ 12-ന് പുലര്‍ച്ചേയായിരുന്നു സംഭവം. മാലപൊട്ടിച്ച ആള്‍ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറിയെന്ന കാര്‍ത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 47 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്.

തന്റെ പേരില്‍ നാളിതുവരെ ഒരു പെറ്റിക്കേസു പോലുമുണ്ടായിട്ടില്ലെന്ന് രമേശ് കുമാര്‍ പറയുന്നു. നല്ലനിലയിലാണ് കഴിഞ്ഞിരുന്നത്. മോഷണക്കേസില്‍പ്പെട്ടതോടെ വീട്ടുകാര്‍ കൈയൊഴിഞ്ഞു. കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവര്‍ ജോലിയും പോയി. മോഷണക്കേസിലെ പ്രതിയായതിനാല്‍ ജാമ്യത്തിലറങ്ങിയിട്ടും ആരും സഹകരിച്ചില്ല. മാലപൊട്ടിച്ച ആള്‍ കുറ്റം ഏറ്റുപറഞ്ഞെങ്കിലും രമേശ് കുമാറിനെതിരേ മൊഴിയുണ്ടെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പോലീസ് പറയുന്നു.

ഇതേപ്പറ്റി കൂടുതല്‍ വിശദീകരിക്കാന്‍ മാവേലിക്കര പോലീസ് തയ്യാറാകുന്നില്ല. രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത എസ്.ഐ. സ്ഥലം മാറിപ്പോയി. ‘കസ്റ്റഡിയിലെടുത്തശേഷം മാവേലിക്കര പോലീസ് ക്രൂരമായി മര്‍ദിച്ചു. മാല മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ജീവന്‍ പോയാലും സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഇടിയുടെ ശക്തിയും കൂടി.

മര്‍ദിച്ചത് കോടതിയില്‍ പറഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ കാണിച്ചുതരുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തി. ഇതിനാല്‍ മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ദേഹോപദ്രവം ഉണ്ടായില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി, ഡി.ജി.പി., പോലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവരെ സമീപിച്ച് എനിക്കുനേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തെപ്പറ്റി അറിയിക്കും’ -രമേശ്കുമാര്‍ പറഞ്ഞു. എന്നാല്‍, തന്റെ മാല പൊട്ടിച്ചത് ഇപ്പോള്‍ അറസ്റ്റിലായ ആളല്ലെന്ന് കാര്‍ത്ത്യായനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button