വിജയവാഡ: ഒരിടവേളയ്ക്ക് ശേഷം ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു. പിതാവിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും വാര്‍ത്തകളിലിടം നേടിയത്.വൈ.എസ്. വിവേകാനന്ദ റെഡ്‌ഡിയുടെ കൊലപാതകത്തില്‍ പിതൃസഹോദരപുത്രനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയെ കുഴപ്പത്തിലാക്കിയാണ് മകള്‍ സുനിത നാറെഡ്‌ഡി ഹൈക്കോടതിയില്‍ ഹർജി നല്കിയിരിക്കുന്നത്.
സുനീത റെഡ്ഡിയും ഭര്‍ത്താവ് രാജശേഖര്‍ റെഡ്ഡിയുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏറെ വിവാദമായ കേസ് ഇതുവരെ സിബിഐക്ക് വിടാത്ത മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡിക്കെതിരെയും ഹര്‍ജിയില്‍ സംശയം ഉന്നയിക്കുന്നുണ്ട്.കൊലപാതകത്തിന് പിന്നില്‍ കടപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയും പിതാവ് വൈഎസ് ഭാസ്‌കര റെഡ്ഡിയുമാണെന്നാണ് സുനീതയുടെ ആരോപണം. മാത്രമല്ല സംഭവസമയം അവിടെയുണ്ടായിരുന്ന 15 പേരുടെ വിവരങ്ങളും ഇവര്‍ ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ റെഡ്ഡിയുടെ പേരും ഇതിലുണ്ട്. ശിവശങ്കര്‍ റെഡ്ഡിക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനായ വിവേകാനന്ദ റെഡ്ഡി 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഭരണം ലഭിച്ചിട്ടും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കേസ് സിബിഐക്ക് കൈമാറാത്തതാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ പ്രതികളല്ല യഥാര്‍ഥ പ്രതികളെന്ന് സുനീതയും കുടുംബവും നേരത്തെ തന്നെ ആരോപണമുന്നയിച്ചിരുന്നു.ഇതിനിടെ രാജശേഖര റെഡ്ഡിയുടെയും, വിവേകാനന്ദ റെഡ്ഡിയുടെയും മാതാവായ വൈഎസ് ജയമ്മയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍നിന്ന് വിവേകാനന്ദയുടെ കുടുംബം വിട്ടുനില്‍ക്കുകയും ചെയ്തു. വൈഎസ് കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് ഇവര്‍ വിട്ടുനിന്നതും ഏറെ ചര്‍ച്ചയായിരുന്നു.
ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊലപാതകത്തിനുപിന്നാലെ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന ജഗന്‍ റെഡ്‌ഡി ഇപ്പോഴെന്തുകൊണ്ടാണ് കേസ് സി.ബി.ഐക്ക് കൈമാറാത്തത് എന്നും സുനിത ചോദിക്കുന്നു.ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ആന്ധ്ര ഹൈക്കോടതി ഇനി ഫെബ്രുവരി എട്ടിന് വീണ്ടും വാദം കേള്‍ക്കും.
Post Your Comments