കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും. വിചാരണ നടപടികള്‍ക്ക് തടസമില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷി (ആക്രമിക്കപ്പെട്ട നടി ) യെയാണ് ഇന്ന് വിസ്തരിക്കുക. അതേസമയം കുറ്റം ചുമത്തിയതിനെതിരേ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
വിചാരണ നടപടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ സ്‌റ്റേ ദിലീപ് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം കേസിലെ ഒരു നിയമപ്രശ്‌നമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികള്‍ ദിലീപിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെതിരേ ദിലീപ് നല്‍കിയ കേസും ദിലീപ് പ്രതിയായ കേസും വ്യത്യസ്തമായി പരിഗണിക്കണമെന്നാണ് അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.
അതേസമയം ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും അത്തരത്തിലൊരു കേസില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വിചാരണ കോടതി കുറ്റം ചുമത്തിയപ്പോള്‍ സംഭവിച്ച പിഴവാണിതെന്നും പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തില്‍ ഇക്കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന ഭാഗം മാറ്റാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച ഇതിനായി പ്രത്യേക അപേക്ഷ നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments