ബംഗളൂരു : 21 വയസുകാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ വിലപേശല്‍ നടത്തി, ഒടുവില്‍ യുവാവിന്റെ പദ്ധതി പൊലീസ് പൊളിച്ചടക്കി . തട്ടികൊണ്ടു പോകലിന് പ്രേരണയായതിനു പിന്നില്‍ പ്രമുഖ സീരിയലാണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തി. ബംഗളൂരുവിലാണ് രക്ഷിതാക്കളെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസവനഗുഡി സ്വദേശി ചിരാഗ്. ആര്‍.മേഹ്ത്ത പൊലീസ് പിടിയിലായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ബംഗളൂരുവിലെ അറിയപ്പെടുന്ന ഗിഫ്റ്റ്‌സ് ആന്റ് ഫാന്‍സി കട ഉടമയുടെ മകനെയാണ് ചിരാഗ് തട്ടിക്കൊണ്ടു പോകാന്‍ പദ്ധതി തയ്യാറാക്കിയത്. ഹിന്ദി ചാനലിലെ പ്രമുഖ കുറ്റന്വേഷണ സീരിയലില്‍ കണ്ട പ്രമേയമാണ് കുട്ടിയെ തട്ടികൊണ്ടുപോയി താന്‍ ലക്ഷങ്ങള്‍ വിലപേശല്‍ നടത്തിയതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുട്ടിയെ തട്ടി കൊണ്ടുപോകുക എന്ന ഉദ്ദേശ്യത്തോടെ ചിരാഗ് സ്‌കൂള്‍ പരിസരത്ത് എത്തി സ്ഥലം വീക്ഷിച്ചു. സ്‌കൂള്‍ വിട്ടതിനു ശേഷം ഇയാള്‍ കട ഉടമയുടെ മകനായ നാലാം ക്ലാസുകാരനുമായി ചങ്ങാത്തം സ്ഥാപിച്ചു. താന്‍ പിതാവിന്റെ സുഹൃത്താണെന്നും ബന്ധുവിനെ കാണാനായി അദ്ദേഹം ഇവിടെ അടുത്തുള്ള ഒരു സ്ഥലം വരെ അദ്ദേഹം പോയിരിക്കുകയാണെന്നും യുവാവ് കുട്ടിയെ അറിയിച്ചു. കടയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുട്ടിയുടെ പിതാവിന്റെ ഫോണ്‍ നമ്പറും കുട്ടിയില്‍ നിന്നും ഇയാള്‍ ചോദിച്ചു മനസിലാക്കി. ഉടന്‍ തന്നെ കുട്ടിയുടെ പിതാവിന്റെ ഫോണ്‍ നമ്പറിലേയ്ക്ക് വിളിച്ച് കുട്ടി തന്റെ കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടുന്നതിനായി അഞ്ച് ലക്ഷം രൂപ തരണമെന്നും, പൊലീസിനെ അറിയിച്ചാല്‍ കുട്ടിയെ ജീവനോടെ കാണില്ലെന്നും ഭീഷണിമുഴക്കി വിളിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് തന്റെ മൊബൈലിലേയ്ക്ക് വന്ന ഫോണ്‍ നമ്പര്‍ സഹിതം കോട്ടണ്‍ പേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ പൊലീസിനെ അയക്കുകയും സ്‌കൂള്‍ പരിസരത്തെ സിസി ടിവി കാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു. ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ചിരാഗ് ആണെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ലാവെല്ലെ റോഡിനു സമീപമുള്ള ഹോട്ടലില്‍ എത്തുകയും അവിടെ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും ചിരാഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments