ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും വിദ്വേഷം പടര്‍ത്തി നേടുന്ന ഒരു വിജയം ബിജെപി ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്വേഷം പടര്‍ത്തി ജയിച്ചാലും ആ വിജയം ബിജെപി അംഗീകരിക്കില്ല. മുസ്ലിംകളുടെ പൗരത്വം എടുത്തുകളയുമെന്ന ഭീതിയുടെ അടിസ്ഥാനത്തിലാണ് ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്ക്കിടയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചതിനിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തി. താന്‍ ജീവിതത്തില്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ നുണയനാണ് കെജ്രിവാളെന്ന് അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയിലാണ് അമിത് ഷാ കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സര്‍ക്കാര്‍ ബംഗ്ലാവോ കാറോ വേണ്ടെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇതു രണ്ടും കെജ്രിവാള്‍ ഉപയോഗിക്കുന്നുണ്ട്. തന്റെ 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ കണ്ട ഏറ്റവും വലിയ നുണയനാണ് കെജ്രിവാളെന്ന് അമിത് ഷാ പറഞ്ഞു. അസമിനെ ഇന്ത്യയില്‍ നിന്ന് വെട്ടിമാറ്റണമെന്ന വിവാദ പരമര്‍ശത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കാത്ത കെജ്രിവാളിന്റെ നടപടിയെയും അമിത് ഷാ വിമര്‍ശിച്ചു.
Post Your Comments