Latest NewsKeralaNews

സംസ്‌ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ്‌ പരിശോധന നിലച്ചിട്ട്‌ വർഷങ്ങൾ; പെര്‍മിറ്റുകളുടെ എണ്ണം കേന്ദ്ര സർക്കാരിനെ അറിയിക്കുന്നില്ല; കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ നിലച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മത്സ്യബന്ധന മേഖലയില്‍ പെര്‍മിറ്റ്‌ പരിശോധന നിലച്ചിട്ട്‌ അഞ്ചു വര്‍ഷമായെന്ന്‌ റിപ്പോർട്ട്. പ്രമുഖ മാധ്യമമായ മംഗളം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പെര്‍മിറ്റ്‌ ലഭിക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധനോപകരണങ്ങള്‍ ഫിഷറീസ്‌ വകുപ്പ്‌ നിഷേധിക്കുകയാണ്. പെര്‍മിറ്റുകളുടെ എണ്ണം സമര്‍പ്പിക്കുന്നതിലെ അനാസ്‌ഥമൂലം സംസ്‌ഥാനത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ ഒരുങ്ങുകയാണു കേന്ദ്ര സര്‍ക്കാര്‍.

പെര്‍മിറ്റ്‌ ഉള്ള വള്ളങ്ങള്‍ക്കേ കടലില്‍ നിയാമാനുസൃത മത്സ്യബന്ധനത്തിന്‌ അനുമതിയുള്ളൂ. ഇവയ്‌ക്കു മാത്രമേ സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ സബ്‌സിഡി മണ്ണെണ്ണ ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഫിഷറീസ്‌ വകുപ്പും (മത്സ്യഫെഡ്‌), സിവില്‍ സപ്ലൈസ്‌ വകുപ്പും സംയുക്‌തമായാണ്‌ പരിശോധന നടത്തേണ്ടത്‌. മൂന്നു വര്‍ഷം കൂടുമ്ബോഴാണു ഫിഷറീസ്‌ വകുപ്പ്‌ മത്സ്യബന്ധനയാനങ്ങളുടെ എന്‍ജിന്‍ പരിശോധിച്ച്‌ പെര്‍മിറ്റ്‌ നല്‍കുന്നത്‌. പുതുതായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും ഈ സമയത്താണു പെര്‍മിറ്റ്‌ അനുവദിക്കുന്നത്‌

പെര്‍മിറ്റുള്ള വള്ളങ്ങളില്‍ പലതും മത്സ്യബന്ധത്തിന്‌ ഉപയോഗിക്കുന്നില്ല. എന്നാല്‍, ഇവരുടെ പെര്‍മിറ്റ്‌ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി മണ്ണെണ്ണ കരിഞ്ചന്തയിലേക്കു കടത്തുന്ന മാഫിയ സജീവമാണ്‌. എന്‍ജിനും വള്ളവും വലയും നിലവില്‍ ഇല്ലാത്തവരുടെ പെര്‍മിറ്റും മാഫിയയുടെ പക്കലുണ്ട്‌. ഇതും സബ്‌സിഡി മണ്ണെണ്ണ വാങ്ങാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. എന്നാല്‍, 2015-നു ശേഷം സംസ്‌ഥാനത്ത്‌ ഇത്തരം പരിശോധന ഉണ്ടായിട്ടില്ല. ഇതുമൂലം പെര്‍മിറ്റിനുള്ള നൂറുകണക്കിനു പുതിയ അപേക്ഷകളില്‍ തീരുമാനം ഉണ്ടായിട്ടില്ല

വള്ളം വിറ്റാലും പലരും പെര്‍മിറ്റ്‌ സറണ്ടര്‍ ചെയ്യാറില്ല. ഇത്തരത്തിലുള്ള ആയിരക്കണക്കിനു പെര്‍മിറ്റ്‌ സംസ്‌ഥാനത്തുണ്ട്‌. കൃത്യമായ കണക്കു കൈവശമില്ലാത്തതുമൂലം, സബ്‌സിഡി ആവശ്യമുള്ള പെര്‍മിറ്റുകളുടെ ലിസ്‌റ്റ്‌ കേന്ദ്ര സര്‍ക്കാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കൈമാറാന്‍ സംസ്‌ഥാനത്തിനു കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണു മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്‌.

കാലങ്ങളായി തട്ടിക്കൂട്ട്‌ പരിശോധനയാണ്‌ സംസ്‌ഥാനത്ത്‌ നടക്കുന്നതെന്നു സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി.സ്‌റ്റെല്ലസ്‌ പറയുന്നു. ഇത്തരം പരിശോധനയില്‍ യഥാര്‍ത്ഥ മത്സത്തൊഴിലാളികള്‍ക്കു പെര്‍മിറ്റ്‌ നിഷേധിക്കുന്നതും പതിവാണെന്ന്‌ അദ്ദേഹം ആരോപിച്ചു. സബ്‌സിഡിയായി ലഭിക്കുന്ന 120 മണ്ണെണ്ണ സ്‌ഥിരമായി കടലില്‍പോകുന്ന മത്സ്യത്തൊഴിലാളിക്ക്‌ തികയാറില്ല. അതുകൊണ്ടാണ്‌ കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നത്‌. പലപ്പോഴും മുടക്കുമുതലിനുള്ള മത്സ്യം കിട്ടാത്തതിനാല്‍ വന്‍നഷ്‌ടം സഹിച്ചാണു പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ പലരും കടലില്‍ പോകുന്നത്‌.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഉണ്ടാക്കിയ പാക്കേജില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അദാനി ഗ്രൂപ്പ്‌ നല്‍കാമെന്നു പറഞ്ഞ മണ്ണെണ്ണയും ലഭിക്കുന്നില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം അനവധി കിലോമീറ്ററുകള്‍ ചുറ്റിവേണം വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തീരത്തേയ്‌ക്കും കടലിലേക്കും പോകാന്‍. ഇതിനാവശ്യമായി വരുന്ന അധിക മണ്ണെണ്ണ നല്‍കുമെന്നാണ്‌ അദാനി ഗ്രൂപ്പ്‌ ഉറപ്പു പറഞ്ഞിരുന്നത്‌. വിഴിഞ്ഞം, മരിയനാട്‌, കൊല്ലം എന്നിവിടങ്ങളിലുള്ള ആറു പമ്ബുകളില്‍ നിന്നാണ്‌ മണ്ണെണ്ണ ലഭിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button