CinemaMollywoodLatest NewsNewsEntertainment

ഇതിഹാസം സൃഷ്ടിച്ച ഇതിഹാസയുടെ നിര്‍മാതാവ് പുതിയ ചിത്രമായ മറിയം വന്ന് വിളക്കൂതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

രണ്ട് വര്‍ഷം നീണ്ട അധ്വാനം, പോസ്റ്ററൊട്ടിച്ചത് ക്യാമറാമാന്‍, എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്ത് വീണ്ടുമൊരു ഇതിഹാസം സൃഷ്ടിക്കാന്‍ ഇതിഹാസയുടെ നിര്‍മാതാവ്

ഇതിഹാസക്ക് ശേഷം മറ്റൊരു ഇതിഹാസം സൃഷ്ടിക്കാന്‍ ഇതിഹാസയുടെ നിര്‍മാതാവ് രാജേഷ് അഗസ്റ്റിന്‍ വീണ്ടും എത്തുന്നു മറിയം വന്ന് വിളക്കൂതി എന്ന സിനിമയുമായി. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് സേതുലക്ഷ്മിയോടൊപ്പം സ്‌ക്രീനിലെത്തുന്ന മറ്റു താരങ്ങള്‍. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍ നീളുന്ന സിനിമയില്‍ മറിയാമ്മ ജോര്‍ജ് എന്ന കഥാപാത്രമായി സേതുലക്ഷ്മി എത്തുന്നു.

 

സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി എഡിറ്റിംഗും വാസിം-മുരളി സംഗീത സംവിധാനവും ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് അഡീഷണല്‍ സോംഗ്സ്. വിനായക് ശശികുമാര്‍, ഇമ്പാച്ചി, സന്ദൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ഗാനരചന. ചിത്രം ഈ മാസം 31ന് തീയറ്ററുകളിലെത്തും.

സിനിമയുടെ വിശേഷങ്ങളുമായി രാജേഷ് അഗസ്റ്റിന്‍ പങ്ക് ചേരുന്നു

 

?  മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ സംവിധായകന്‍ ഒരു പുതുമുഖമാണല്ലോ അദ്ദേഹത്തെ കുറിച്ച് ?

എന്റെ സുഹൃത്ത് ജിഷ്ണു വഴിയാണ് ജെനിത് എന്റെ അടുത്ത് കഥ പറയാന്‍ വരുന്നത്. ജെനിതിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ അദ്ദേഹം ചെയ്ത ഷോട്ട് ഫിലിം കയറി നോക്കിയപ്പോള്‍ കപ്പ ടിവി ഷൂട്ട് ആന്‍ഡ് ഐഡിയ കോണ്ടസ്റ്റിനു വേണ്ടി ചെയ്ത ‘ അന്ന് പെയ്ത മഴ ‘യില്‍ കണ്ടു. സെപ്പറേഷനായിരുന്നു തീം വന്ദനത്തിലെ ക്ലൈമാക്‌സ് മ്യൂസിക് പ്ലെ ചെയ്ത് കൊണ്ടിരിക്കെ രണ്ട് ഷോക്‌സ് വെളിയില്‍ കിടക്കുന്നു. മഴയത്ത് ഒരു ഷോക്‌സ് താഴെ വീഴുന്നു. വന്ദനത്തിലെ ക്ലൈമാക്ലും ആ ഒരു സീനും ചിന്തിക്കാനാവുന്നതിനുമപ്പുറം സിംപിളായി എക്‌സിക്യൂട്ട് ചെയ്തു. ആ ഒരു ഷോട്ട് ഫിലിം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫ്‌ളാറ്റായി.കാരണം അതില്‍ നിന്നും തന്നെ മനസിലാക്കാം ആള്‍ക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ട് എന്നുള്ളത്. കാരണം സെപ്പറേഷന്‍ എങ്ങനേയും എടുക്കാലോ….. പക്ഷേ അത്രയും സിംപിളായിട്ടും ഭംഗിയായിട്ടും അത് മനസിലാക്കി തരാന്‍ ജെനിതിന് സാധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് ജെനിതിന്റെ ക്രിയേറ്റിവിറ്റിയിലും ടാലന്റിലും പേടിക്കേണ്ട ആവശ്യം വന്നിട്ടില്ല.

 

ജെനിത് എന്നോട് കഥപറയുന്നത് ഒരു അല്പം കൂടി ബഡ്ജറ്റ് കൂടിയ ഫീല്‍ ഗുഡ് മൂവി ആയിരുന്നു പക്ഷെ ബഡ്ജറ്റ് കുറച്ച് കൂടതലായതു കൊണ്ട് വേറെ കഥയുണ്ടോ എന്നു ചോദിക്കുകയായിരുന്നു. അപ്പോഴാണ് മറിയം വന്ന് വിളക്കൂതിയുടെ കഥ പറയുന്നത്. അത് പിന്നീട് കഥ ഇഷ്ടപ്പെടുകയും ഓക്കെ പറയുകയുമായിരുന്നു. ജെനിത് ആണ് ഈ സിനിമയുടെ മാര്‍ക്കറ്റിംഗ് . ഇപ്പോള്‍ വരുന്ന എല്ലാ പോസ്റ്ററുകളും കണ്ടന്റുകളും പുള്ളിയുടെ മേല്‍ നോട്ടത്തിലാണ് വരുന്നത്. എല്ലാവരും വിളിച്ചിട്ട് പറയുന്നത് നിങ്ങളുടെ പ്രമോ രീതിയും മാര്‍ക്കറ്റിംഗ് രീതിയും എല്ലാം പടം കാണാന്‍ തോന്നിപ്പിക്കും രീതിയില്‍ ആണ് എന്നുള്ളതാണ്. ഏറ്റവും വലിയ കാര്യം എന്നു പറയുന്നത് സിനിമയുടെ ഒരു കാര്യവും പുറത്ത് വിട്ടിട്ടല്ല പ്രമോഷന് എന്നുള്ളതാണ്. അതിനി എത്രത്തോളം വിജയകരമായി എന്നുള്ളത് ഈ വെള്ളിയാഴ്ച അറിയാം. വിചാരിക്കുന്ന പോലെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നല്ല, പുള്ളിക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്ലസ് എന്നു പറയുന്നത് ആരെങ്കിലും ഒരു നെഗറ്റീവ് പറഞ്ഞാല്‍ അതിന് പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നു എന്നുള്ളതാണ്. അദ്ദേഹം മലയാള സിനിമയില്‍ അറിയപ്പെടുന്ന ആളാകും എന്നതില്‍ ഒരു സംശയവുമില്ല. എന്റെ മനസില്‍ ഇത് നൂറ് ശതമാനം എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നു തന്നെയാണ്.

? അഭിനേതാക്കളായി സിജു, ശബരീഷ്, കൃഷ്ണശങ്കര്‍, അല്‍താഫ് എന്നിവരിലേക്ക് എത്തിയത് എങ്ങനെയായിരുന്നു ? പ്രേമം റീയുണിറ്റ് എന്നായിരുന്നു സിനിമയുടെ ക്യാപ്ഷന്‍ നല്‍കിയിരുന്നത്.

ഇതൊരു ഫ്രണ്ട്ഷിപ്പുമായി ബന്ധപ്പെട്ട സിനിമയാണ്. അതുകൊണ്ട് തന്നെ അത്തരത്തില്‍ സൗഹൃദ വലയത്തില്‍ നിന്നു കൊണ്ടുള്ള ഒരു ടീമിനെ എടുക്കുകയാണെങ്കില്‍ അല്ലെങ്കില്‍
പല ആളുകളേയാണ് എടുക്കുന്നതെങ്കില്‍ അവര്‍ തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടാകാന്‍ സമയമെടുക്കും എന്നാല്‍ ഇവര്‍ ആദ്യമേ ഒരു സെറ്റാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എല്ലാം ലൈവായിരിക്കും. നാലു കൂട്ടുക്കാരുടെ കഥപറയാന്‍ നാലു കൂട്ടുക്കാരെ തന്നെയെടുക്കാം എന്നു കരുതി. അതു കൊണ്ട് തന്നെ അവര്‍ സ്ഥിരം പറയുന്നത് നമ്മള്‍ എഴുതി കൊടുത്തു പറയിപ്പിക്കുന്നു എന്നേ ഒള്ളൂ. അതുകൊണ്ടാണ് ആ ഗ്യാങിനെ തന്നെ സെലക്ട് ചെയ്തത്.

? സേതുലക്ഷ്മി ആമ്മയാണല്ലൊ മറ്റൊരു ലീഡ് റോള്‍ ചെയ്യുന്നത്…..

അയ്യോ സേതുലക്ഷ്മി ചേച്ചി അപാരമാണ് കേട്ടോ. എനിക്കറിയത്തില്ല എന്നെ അങ്ങനെ ആരേലും വിളിച്ചിട്ട് അന്വേഷിക്കുന്നത് എന്നാല്‍ ചേച്ചി ഈ അടുത്തിടെയായി ഒരാഴ്ച കൂടുമ്പോ എല്ലാം വിളിച്ചിട്ട് മോനെ എങ്ങനെയുണ്ട് പേടിക്കണ്ട അമ്മ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നെല്ലാം അത് നമ്മുക്ക് വലിയൊരു എനര്‍ജിയാണ്. കാരണം എന്റെ അമ്മ സംസാരിക്കും കണക്കെയാണ്‌

ഇനി അഭിനയത്തിന്റെ കാര്യം പറയുവാണേല്‍ എനിക്കറിയത്തില്ല ഈ പ്രായത്തിലും ഇത്രയും ഡെഡിക്കേറ്റഡായിട്ട് നില്‍ക്കുന്ന, കാരണം 2 മണിവരെയൊക്കെ ഷൂട്ട് ഉണ്ടായിട്ടുണ്ട് ചേച്ചിയുടെ പ്രായം വച്ച് അന്നൊക്കെ ചീത്ത പറഞ്ഞ് പോകേണ്ടതാണ് പക്ഷെ ഒരു പരാതിയുമില്ലാതെ അത്രക്കും നന്നായിട്ടാണ് സഹകരിച്ചത്. ചെറുതായിട്ട് പിണങ്ങി പോകുമെങ്കിലും കുറച്ച് കഴിഞ്ഞ് വിളിക്കും മോനെ അത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു കൊണ്ട്. പക്ഷെ നമ്മള്‍ ഓക്കെയാണ് കാരണം നമ്മുടെ അമ്മ പറയും കണക്കെയാണ് നമ്മള്‍ കാണുന്നത്.

? എനര്‍ജിയുള്ള സേതുലക്ഷ്മിയമ്മയെ തിരിച്ചു കിട്ടാന്‍ പോകുന്നു എന്ന് സോഷ്യല്‍ മീഡിയയിലുടെ വ്യാപകമായി പ്രചരിക്കുന്നുണ്ടല്ലോ ?

ചേച്ചിക്ക് നേരത്തെയും എനര്‍ജിക്ക് ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ വിശ്വാസം. ചേച്ചിക്ക് ഇങ്ങനെ ഒരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല. ചേച്ചിക്ക് നാടന്‍ കഥാപാത്രങ്ങളാണല്ലൊ കിട്ടുന്നത്. എന്നാല്‍ ഇതില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ ക്യാരക്ടറാണ്. ചേച്ചി ഇതുവരെ ഇത്തരത്തിലൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, ഇങ്ങനെ ഒരു ലുക്കിലും ചേച്ചിയെ ആരും കണ്ടിട്ടില്ല. ഇതില്‍ പ്രേമം തീം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും നായിക ചേച്ചിയാണ്. അതൊക്കെയാണ് ഇതിന്റെ ഹൈലൈറ്റ് എന്നു പറയുന്നത്. മാത്രവുമല്ല ഇതില്‍ പറയത്തക്ക പാട്ടൊന്നുമില്ല.

? അതുപോലെ തന്നെ ബോയിങ് ബോയിങ് ലെ സുകുമാരി ചേച്ചിയെയും സേതുലക്ഷ്മി അമ്മയേയും താരതമ്യം ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും സാമ്യതകള്‍ ഉണ്ടോ ?

ആ താരതമ്യം അത്ര നല്ലതല്ല. അതില്‍ സുകുമാരി ചേച്ചി അത്രയും മുകളില്‍ കൊണ്ട് വച്ച ഒരു ക്യാരക്ടര്‍ ആണ്. എല്ലാവരും പറയുന്നത് അതുകണക്കെ ചേച്ചി ചെയ്തു എന്നാണ് പക്ഷെ ചേച്ചി ഈ സിനിമക്ക് വേണ്ടിയാണ് ചെയ്തിട്ടുള്ളത്. പിന്നെ ഇത്തരത്തിലുള്ള താരതമ്യം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ആള്‍ക്കാരുടെ മനസില്‍ അത്രയും പതിഞ്ഞു കിടക്കുന്നതാണ്. പിന്നെ ഇങ്ങനെ എഴുതി വിട്ടു കഴിഞ്ഞാല്‍ പിന്നീട് അവിടെ രണ്ട് പേരെയും താരതമ്യം ചെയ്യപ്പെടും. അതുകൊണ്ട് സുകുമാരി ചേച്ചി ആ സിനിമക്കു വേണ്ടി ആ ക്യാരക്ടര്‍ അടിപൊളിയായി ചെയ്തു, സേതുലക്ഷ്മി ചേച്ചി ഈ സിനിമക്കു വേണ്ടി ഈ ക്യാരക്ടര്‍ അടിപൊളിയായി ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ചെയ്യുന്നവരോട് ഒന്നും പറയാന്‍ പറ്റില്ലല്ലോ. കാരണം അത്തരം പ്രചരണങ്ങള്‍ ആളുകളില്‍ തെറ്റിധാരണ പരത്തും.

? ഇതിഹാസയുടെ തന്നെ ക്യാമറാമാനായ സിനോജ് പി അയ്യപ്പനാണ് ഇതിലും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ അദ്ദേഹവുമായി രണ്ടാമത്തെ സിനിമ എങ്ങനെ ഉണ്ടായിരുന്നു ?

സിനോജ് ക്യാമറാമാന്‍ എന്നതിലുപരി നല്ല അടിപൊളി മനുഷ്യനാണ്. ഇതിഹാസയിലൂടെയാണ് എനിക്ക് എന്തു കാര്യവും ഒരു സഹോദരനെ പോലെ വിളിച്ചു പറയാനുള്ള ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായത്‌, എന്നിട്ടും ഈ സിനിമയില്‍ ഫസ്റ്റ് വെക്കുന്നത് അലക്‌സ് എന്ന ക്യാമറാമാനെയായിരുന്നു. കാരണം ജെനിതിന്റെ കംഫര്‍ട്ട് നോക്കിയാണ് അലക്‌സിനെ വെച്ചത്. സഹോദര തുല്യനായ ഒരാള്‍ ഉള്ളപ്പോള്‍ മറ്റൊരാളെ വെക്കുക എന്നത് വലിയ വിഷമമായിരുന്നു പക്ഷെ സിനോജ് പറഞ്ഞത് അത് കുഴപ്പമില്ല അത് നടക്കട്ടെ അത് ഡയറക്ടറിന്റെ ഇഷ്ടമല്ലെ അത് നടക്കട്ടെ എന്ന് പറഞ്ഞു. പിന്നീട് കുറച്ച് സാമ്പത്തിക പ്രശ്‌നം മൂലം ഷൂട്ടിങ് കുറച്ച് നീണ്ട് പോയി അപ്പോഴേക്കും അലക്‌സിനു അടുത്ത സിനിമ കിട്ടി, അപ്പോഴാണ് ഞാന്‍ സിനോജിനെ വിളിക്കുന്നത്. പുള്ളി ഒരക്ഷരം എതിര്‍ത്തു പറയാതെ അതു ചെയ്തു. എനിക്ക് തോന്നുന്നില്ല അങ്ങനെ ആരെങ്കിലും ചെയ്യുമോ അതായത് ഇത്രയും കൂളായിട്ട്.

സിനോജ് എന്നെ ഒരാഴ്ച മുന്നെ വിളിച്ചിരുന്നു എന്നിട്ട് പറഞ്ഞു പോസ്റ്ററുകളൊന്നും കാണുന്നില്ലല്ലൊ എന്തുപറ്റി കുറച്ച് പോസ്റ്റര്‍ ഒപ്പിക്കാമെങ്കില്‍ ഞാന്‍ കൊണ്ടുപോയി ഒട്ടിക്കാം എന്നു പറഞ്ഞിട്ട് പുള്ളിയാണ് ഇന്നലെ ഏകദേശം ആലുവ എറണാംകുളം ഭാഗത്തൊക്കെ പിള്ളാരെയും കൊണ്ട് പോസ്റ്റര്‍ ഒട്ടിക്കുന്നത്. ഇതൊരു ഭാഗ്യമാണ് ഇത്തരത്തിലൊരു ടീം കിട്ടുക എന്നൊക്കെ. ഇവരിതൊക്കെ ചെയ്യുന്നത് പണത്തിനു വേണ്ടിയല്ല സിനിമയോടുള്ള
ഇഷ്ടം കൊണ്ടും എന്നോടും ജെനിതിനോടുള്ള ഇഷ്ടം കൊണ്ടുമാണ്. ഈ ഒരു ടീം നല്‍കുന്ന എനര്‍ജി അത്രത്തോളമാണ്.

? ഈ വരുന്ന വെള്ളിയാഴ്ച സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്…

രണ്ടര വര്‍ഷത്തെ എഫെര്‍ട്ടാണ് ഈ സിനിമ. പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു,രണ്ടു വര്‍ഷം നീണ്ടു പോയി പക്ഷെ ജെനിത് വെറുതെ ഇരുന്നില്ല ജെനിത് ഇതിനു പിന്നാലെ തന്നെയായിരുന്നു ഈ സിനിമ എങ്ങനെ നന്നാക്കാമെന്ന് പ്രയത്‌നിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ 110 ശതമാനം ഹാപ്പിയാണ്. ഇതിന് വലിയ പബ്ലിസിറ്റിയൊന്നും നല്‍കിയിട്ടില്ല. നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ടതിന് ശേഷം ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം കൂട്ടുകാരോട് കാണാന്‍ പറയണം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടണം കാരണം മറ്റൊരു മാര്‍ഗം ഇല്ല.

shortlink

Post Your Comments


Back to top button