ക്വാലലംപുര്‍: പാമോയില്‍ ഇറക്കുമതിയെച്ചൊല്ലിയുള്ള അസ്വാരസ്യത്തിന് അയവുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ. ഇതിനായി എംഎസ്എം മലേഷ്യ ഹോള്‍ഡിങ്‌സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന് 200 മില്യന്‍ റിംഗിറ്റ് (49.20 മില്യന്‍ ഡോളര്‍) വിലമതിക്കുന്ന 1,30,000 ടണ്‍ അസംസ്‌കൃത പഞ്ചസാര ആദ്യ പാദത്തില്‍ വാങ്ങാനാണ് തീരുമാനം.
കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് പാമോയില്‍ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. പിന്നീട് ഇറക്കുമതി പുനരാരംഭിച്ചെങ്കിലും പൗരത്വ ഭേദഗതി നിയമത്തിലും മലേഷ്യ അഭിപ്രായപ്രകടനം നടത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചു. ഇതിനു മറുപടിയായി മലേഷ്യയുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ ഇപ്പോള്‍ പഞ്ചസാര ഇറക്കുമതി നീക്കത്തിലൂടെ നിലപാടില്‍ മാറ്റം വരുത്തുകയാണു മലേഷ്യ.
എംഎസ്എം മലേഷ്യ ഹോള്‍ഡിങ്‌സ് ബെര്‍ഹാദ് 2019 ല്‍ ഇന്ത്യയില്‍നിന്ന് 88,000 ടണ്‍ അസംസ്‌കൃത പഞ്ചസാര വാങ്ങിയിരുന്നു. മലേഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ലോകത്തെ ഏറ്റവും വലിയ പാമോയില്‍ നിര്‍മാതാക്കളുമായ എഫ്ജിവി ഹോള്‍ഡിങ്‌സിന്റെ പഞ്ചസാര ശുദ്ധീകരണ വിഭാഗമാണ് എംഎസ്എം.
ലോകത്ത് ഏറ്റവും അധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ അസംസ്‌കൃത പാമോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം മലേഷ്യയും. ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് 9 ദശലക്ഷം ടണ്‍ പാമോയിലാണ്. മലേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പാമോയില്‍ നിര്‍ണായകമാണ്. ഇന്ത്യ ഇറക്കുമതി നിര്‍ത്തിയതിനു പിന്നാലെ മലേഷ്യയിലെ പാം വിപണി 10 ശതമാനം ഇടിഞ്ഞു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. മലേഷ്യയോട് ഇന്ത്യ നോ പറയുമ്പോള്‍ തിരിച്ചടി ചെറുതാവില്ലെന്ന ബോധത്തിലാണ് പഞ്ചസാര വാങ്ങി പ്രശ്‌നം തീര്‍ക്കാന്‍ മലേഷ്യ ശ്രമിക്കുന്നത്.
Post Your Comments