മംഗളുരു വിമാനത്താവളത്തില്‍ ബോംബ് വെച്ചതിന് ആദിത്യറാവു അറസ്റ്റിലാവുമ്പോള്‍ ഉയരുന്ന ചോദ്യമാണ് മികച്ച വിദ്യാഭ്യാസവും അതിനൊത്ത സാങ്കേതിക അറിവുകളും യുവതലമുറയെ പെട്ടന്ന് കാലാപകാരികളാക്കാന്‍ ഉതകുന്ന തരത്തില്‍ മാറുകയാണോ എന്നത്. നഗര കേന്ദ്രീകൃതമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാസമ്പന്നരായ യുവാക്കള്‍ ചുക്കാന്‍ പിടിക്കുന്നുണ്ടോയെന്ന വലിയ സംശയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആദിത്യ റാവു എന്ന കൊടുംഭീകരന്‍ പിടിക്കപ്പെടുമ്പോള്‍ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആദിത്യ റാവു പിടിക്കപ്പെടാതെ പോയിരുന്നുവെങ്കില്‍ സംഭവിക്കാമായിരുന്ന വലിയൊരു ദുരന്തത്തിന്റെ പിന്നിലെ വില്ലന്‍ രക്ഷപ്പെടുമായിരുന്നു. ഒരുപക്ഷെ സ്‌ഫോടനം തുടര്‍ക്കഥയായേനെ. തനിക്ക് തൊഴില്‍ നിഷേധിച്ചതിന്റെ പ്രതികാരമായാണ് ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും അതല്ല ഇതിന് പിന്നിലെ മനഃശാസ്ത്രം എന്നാണ് ക്രിമിനോളജിസ്റ്റുകള്‍ പറയുന്നത്.കര്‍ണാടകയില്‍ പിടികൂടിയ ആദിത്യ റാവുവിനെ അര്‍ബന്‍ ഭീകരന്‍ എന്ന പ്രയോഗത്തിലൂടെയാണ് കര്‍ണാടക മാദ്ധ്യമങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.
സ്വന്തം നിരാശകളുടെ കുറ്റം സമൂഹത്തില്‍ ചാര്‍ത്തി അതിന് പ്രതികാരം ചെയ്യാന്‍ ഇറങ്ങുന്ന മാനസികാവസ്ഥയില്‍ എത്തിയവരാണ് ഇവര്‍. അതിരുവിട്ടാല്‍ ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാന മനസ്ഥിതിക്കാരുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആദിത്യ റാവു അത്തരത്തില്‍ വിശാലമായ ക്രിമിനല്‍ പദ്ധതി ഉള്ളിലുള്ള ആളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.റാവുവിന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച പൊലീസ് ശരിക്കും ഞെട്ടി. വിപുലമായ സയനൈഡ് ശേഖരമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
റാവുവിന്റെ കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കഞ്ചിബെട്ട് ശാഖയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്.150 ഗ്രാം സയനൈഡാണ് കണ്ടെടുത്തതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റെ പൊലീസ് കമ്മീഷണര്‍ ബെല്ലിയപ്പ പറഞ്ഞു. അവധി ദിനമായിട്ടും ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കര്‍ തുറന്ന് പരിശോധിച്ചത്. ലോക്കറില്‍ സൂക്ഷിച്ചത് സയനൈഡ് ആണെന്ന് ആദിത്യ റാവു പൊലീസിനോട് വെളിപ്പെടുത്തി. കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.
ആദ്യം ഫോണ്‍ വഴി ഭീഷണി മാത്രം മുഴക്കിയിരുന്ന ഇയാള്‍ സ്ഫോടക വസ്തുക്കള്‍ വിമാനത്താവളത്തിലെത്തിച്ചതിനുപിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം ആദിത്യ റാവു (36) തീവ്രവാദിയാണെന്ന് ബിജെപി മന്ത്രി കോട്ട ശ്രീനിവാസ പൂജാരി വ്യക്തമാക്കിയത്.ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പൊലീസ് നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മ്മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടക വസ്തുക്കളുമായി ജനുവരി 19ന് കര്‍ക്കലയില്‍നിന്ന് ബസില്‍ മംഗളൂരു സ്റ്റേറ്റ് ബാങ്ക് ബസ്സ്റ്റോപ്പിലെത്തിയ യുവാവ് ഓട്ടോയില്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ ബാഗ് ഉപേക്ഷിച്ചശേഷം സിര്‍സിയിലേക്കും പിന്നീട് ശിവമൊഗ്ഗയിലേക്കും പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശിവമൊഗ്ഗയില്‍നിന്ന് ലോറിയില്‍ ബംഗളൂരുവിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്യലില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമീഷണര്‍ പറഞ്ഞു.
അതേസമയം, ആദിത്യ റാവു പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ഹൈഡ്രജന്‍ ബോംബ് നിര്‍മ്മാണ ഘട്ടങ്ങള്‍ വരെ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം ഇന്ന് ലോക വ്യാപക ഭീഷണിയായി നിലനില്‍ക്കുന്നു. തുറന്ന സമ്ബദ് വാണിജ്യ വ്യവസ്ഥകള്‍ രംഗത്തുവന്നതോടെ ഇതിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ എളുപ്പം ലഭ്യമാക്കാനുള്ള വിവിധ സാദ്ധ്യതകളാണ് മിടുക്കന്മാരുടെ മുന്നിലുള്ളത്. അതിലേതെങ്കിലും ഒരാള്‍ അയാളുടെ മോഹഭംഗങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഇറങ്ങിയാല്‍ രാജ്യത്ത് എവിടെയും ഒരു ബോംബ് സ്‌ഫോടനം നിസാരമായി നടത്താവുന്നനിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതാണ് അപകടം.
Post Your Comments